.
ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലായി 39 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. സുരക്ഷിത ഗ്രാമം മാലിന്യമുക്ത ഗ്രാമം എന്ന ലക്ഷ്യം നേടിയെടുക്കാൻ മാലിന്യ സംസ്കരണത്തിനായി കൊല്ലം കോർപ്പറേഷനിൽ നിന്നു ലഭിച്ച അർബൻ അഗ്ലോമറേഷൻ ഫണ്ടിലെ 25 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി പൂർത്തിയാക്കുന്നത്.
വാർഡുകളിലെ വിവിധ സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ച് പഞ്ചായത്തിനെ കൂടുതൽ സുരക്ഷിതമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത്, പൊലീസ് സ്റ്റേഷൻ, എക്സൈസ് ഓഫീസ് എന്നിവിടങ്ങളിൽ തത്സമയ ദൃശ്യം ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ആധുനിക രീതിയിലുളള സോളാർ ക്യാമറകളാണ് സ്ഥാപിച്ചത്. തീരദേശ വികസന കോർപ്പറേഷനാണ് നിർവ്വഹണ ഏജൻസി. ചാത്തന്നൂർ ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമാക്കാനും പദ്ധതി സഹായകരമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ചന്ദ്രകുമാർ പറഞ്ഞു.