vishnunath

കൊല്ലം: കേരളത്തിൽ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ചത് മുഖ്യമന്ത്രിയായിരുന്ന ആർ.ശങ്കറാണെന്ന് പി.സി.വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം ഉൾക്കൊണ്ടായിരുന്നു ഇത്. ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റി നടത്തിയ ശങ്കർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേമ പെൻഷനും ഭൂപരിഷ്കരണ നിയമവും നടപ്പാക്കിയതും ശങ്കറാണ്. ഒരു ഘട്ടത്തിലും അദ്ദേഹം അധികാരസ്ഥാനങ്ങൾക്ക് പിന്നാലെ പോയിട്ടില്ല. അധികാരസ്ഥാനങ്ങൾ വലിച്ചെറിഞ്ഞ് ആർ.ശങ്കർ മാതൃക കാട്ടിയിട്ടുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു. സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷനായി. ശങ്കറുടെ ജന്മ ഗ്രാമത്തിലേക്കുള്ള വിദ്യാഭ്യാസ സംരക്ഷണ ജാഥ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.ജർമിയാസ് ക്യാപ്ടൻ ആർ.ശാന്തിനി കുമാരന് പീത പതാക നൽകി ഉദ്ഘാടനം ചെയ്തു. സംഘം ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ, കവി ഉണ്ണി പുത്തൂർ, കേരള വേടർ സമാജം പ്രസിഡന്റ് പട്ടംതുരുത്ത് ബാബു, ക്ലാപ്പന സുരേഷ്, ശിവരാജൻ മാന്താനം, ജയസത്യൻ നെടുവത്തൂർ, രഞ്ജിനി ദിലീപ്, കോട്ടത്തല വസന്തകുമാരി, മാധവി, മുരളീധരൻ, അപ്സര ശശികുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കവിസംഗമം എം.എം.വർഗീസ് ഉദ്ഘാടനം ചെയ്തു. കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലുള്ള ആർ.ശങ്കറുടെ സ്മൃതി മണ്ഡപത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി, ചെയർമാൻ എഴുകോൺ രാജ് മോഹൻ, സെക്രട്ടറി ബി.സ്വാമിനാഥൻ എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി.