bb-

കൊല്ലം: മഹാനായ ആർ.ശങ്കർ കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണെന്ന് എസ്.എൻ.ഡി.പി യോഗം ആർ.ശങ്കർ മെമ്മോറിയൽ ചാത്തന്നൂർ യൂണിയൻ സംഘടിപ്പിച്ച ആർ. ശങ്കർ അനുസ്മരണ സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ അഭിപ്രായപ്പെട്ടു. തുടർച്ചയായ അഞ്ച് ബഡ്ജറ്റുകൾ അവതരിപ്പിക്കുകയും സാമ്പത്തിക,വ്യാവസായിക തൊഴിൽ, മേഖലകളിൽ പുത്തൻ ദിശാബോധം നൽകുകയും ചെയ്ത മഹാനായിരുന്നു ആർ.ശങ്കർ.

സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും കൂടുതൽ ജൂനിയർ കോളേജുകൾ സ്ഥാപിച്ചത് ആർ.ശങ്കറുടെ കാലഘട്ടത്തിലായിരുന്നു. ഇത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകി. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ ഗുരുദേവന്റെ മഹാസന്ദേശങ്ങൾ പ്രവൃത്തി പഥത്തിൽ കൊണ്ടുവരാൻ യത്നിച്ച മഹാനായിരുന്നു ആർ.ശങ്കർ. യൂണിയൻ കോൺഫറൻസ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് ഡി.സജീവ് അധ്യക്ഷനായിരുന്നു. ഡോ. തോട്ടം ഭുവനേന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. വനിതാ സംഘം പ്രസിഡന്റ് ചിത്രാമോഹൻ ദാസ്, സെക്രട്ടറി ബീനാ പ്രശാന്ത്, യൂണിയൻ കൗൺസിൽ അംഗങ്ങൾ, ശാഖ ഭാരവാഹികൾ, വനിതാ സംഘം പ്രവർത്തകർ, ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി കെ.വിജയകുമാർ സ്വാഗതവും അസി.സെക്രട്ടറി കെ.നടരാജൻ നന്ദിയും പറഞ്ഞു.