അഞ്ചൽ/പുനലൂർ: അഞ്ചലിലും കരവാളൂരിലും തെരുവുനായ്ക്കളുടെ ആക്രമണവും ശല്യവും രൂക്ഷമായി തുടരുന്നു. അഞ്ചലിൽ ഇന്നലെ രാവിലെ ഏഴുപേർക്ക് തെരുവുനായയുടെ കടിയേറ്റു. അഞ്ചൽ കാള ചന്തയ്ക്ക് സമീപത്തും ചന്തമുക്ക് പരിസരത്തുമാണ് തെരുവുനായ ഓടിനടന്ന് നിരവധി പേരെ കടിച്ചത്. പേവിഷബാധയുള്ള നായയാണ് ആളുകളെ കടിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. കടിയേറ്റവരെ അഞ്ചൽ സർക്കാർ ആശുപത്രിയിലും പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചന്തയിലെ മറ്റ് നായകൾക്കും കടിയേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു. ചന്തമുക്ക് പരിസരത്ത് സമാനമായ രീതിയിൽ നേരത്തേയും നിരവധി പേർക്ക് കടിയേറ്റിട്ടുണ്ട്.
കരവാളൂർ തമ്പടിച്ച് തെരുവുനായ്ക്കൾ
കരവാളൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. കരവാളൂർ ടൗൺ, അടുക്കളമൂല, മാത്ര, വെഞ്ചേമ്പ്, കുഞ്ചാണ്ടിമുക്ക്, കുരിയിലമുകൾ, ചേലക്കാട്, വട്ടമൺ എന്നീ പ്രദേശങ്ങളിൽ നായ്ക്കൾ യഥേഷ്ടം വിലസുകയാണ്. പകലും രാത്രിയിലും നായ്ക്കളുടെ ആക്രമണം ഉണ്ടാകുമോയെന്ന് ഭയന്നാണ് നാട്ടുകാർ യാത്ര ചെയ്യുന്നത്. പ്രഭാത സഞ്ചാരത്തിന് ഇറങ്ങുന്നവർ, ക്ഷേത്രങ്ങളിൽ പോകുന്നവർ, പത്ര വിതരണക്കാർ, ബൈക്ക് യാത്രികർ, സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ നായ്ക്കളെ ഭയന്നാണ് സഞ്ചരിക്കുന്നത്. രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങൾ ഇടറോഡുകളിലേക്ക് കടന്നാൽ ഏതുസമയവും ആക്രമണം ഉണ്ടാകാം എന്നാണ് നാട്ടുകാർ പറയുന്നത്. സ്കൂൾ പരിസരപ്രദേശങ്ങളിൽ കൂട്ടം കൂടിയാണ് തെരുവ് നായ്ക്കൾ വിഹരിക്കുന്നത്.
മരണവും ആക്രമണവും
വിളക്കുടി പഞ്ചായത്തിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന എഴുവയസുകാരി പേവിഷബാധയെ തുടർന്ന് മരണപ്പെട്ടിരുന്നു.
കഴിഞ്ഞ ജൂലായ് 16നും 17നുമായി മാത്രം 13 പേർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നത്.
ഇതിൽ നാല് വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ നായ്ക്കൾ ആക്രമിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
നിരവധി പരാതികളും പ്രതിഷേധങ്ങളും സമരങ്ങളും ഉണ്ടായിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
തെരുവുനായ ശല്യം ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഉടൻ നടപടി ഉണ്ടാകണം.
നാട്ടുകാർ