കൊല്ലം: 'വിദ്യകൊണ്ട് പ്രബുദ്ധരാവുക" എന്ന ശ്രീനാരായണ ഗുരുദേവ സന്ദേശങ്ങൾ ഉൾക്കൊണ്ട് കേരളത്തിൽ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ച കർമ്മയോഗിയായിരുന്നു ആർ.ശങ്കറെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷന്റെ നേതൃത്വത്തിൽ കൊല്ലം സിംസ് അങ്കണത്തിൽ സംഘടിപ്പിച്ച ആർ.ശങ്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അചഞ്ചലമായ ആത്മവിശ്വാസവും തന്റേടവും തടയെടുപ്പും കൈമുതലായ അപൂർവം രാഷ്ട്രീയക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായ ശേഷമുള്ള കാലഘട്ടം എസ്.എൻ.ഡി.പി യോഗത്തിന്റെ ചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതിചേർക്കേണ്ട പ്രവർത്തനങ്ങളുടെ കാലഘട്ടമായിരുന്നു. കേരളത്തിന്റെ സമ്പത്ത് ഘടനയെ കരുപ്പിടിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചെന്നും അദ്ദേഹം പറഞ്ഞു.