കൊല്ലം: സമൂഹത്തിന്റെയും സമുദായത്തിന്റെയും ഉന്നമനം ലക്ഷ്യമാക്കി ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ച നേതാവാണ് ആർ.ശങ്കർ എന്ന് എം.നൗഷാദ് എം.എൽ.എ പറഞ്ഞു. എസ്.എൻ ട്രസ്റ്റും കൊല്ലം യൂണിയനും ഏർപ്പെടുത്തിയ എൻഡോവ്മെന്റുകളും മെഡിക്കൽ മിഷൻ നൽകുന്ന സ്കോളർഷിപ്പുകളും വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
അദ്ധ്യാപകൻ, അഭിഭാഷകൻ, രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ കരുത്തനായ നേതാവ്, വിദ്യാഭ്യാസ വിചക്ഷണൻ, ഭരണാധികാരി തുടങ്ങി ഏത് വിശേഷണങ്ങൾക്കും അനുയോജ്യനായ അപൂർവ വ്യക്തിത്വമായിരുന്നു അദ്ദേഹം. ഒരു ഘട്ടത്തിലും അദ്ദേഹം അധികാരസ്ഥാനങ്ങൾക്ക് പിന്നാലെ പോയിട്ടില്ല. അധികാരസ്ഥാനങ്ങൾ വലിച്ചെറിഞ്ഞ് ആർ.ശങ്കർ മാതൃകയാവുകയായിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ ഉപദേശം ഉൾക്കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാൻ അദ്ദേഹം തയ്യാറായി. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സമൂഹത്തിന്റെ അടിത്തറ. ശരിയെന്ന് തോന്നുന്ന വിഷയങ്ങളിൽ ഉറച്ചുനിൽക്കുകയും അതിനുവേണ്ടി പോരാടുകയും ചെയ്തിരുന്നു. തമ്മിൽ ചേരില്ലെന്ന് കരുതിയിരുന്നവരെ കൂട്ടിയിണക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. രാഷ്ട്രീയത്തിലെ ഏതിരാളികളോട് അദ്ദേഹം ഒരിക്കലും സന്ധി ചെയ്തിരുന്നില്ല. ആർ.ശങ്കർ കേരളത്തിന്റെ സമഗ്ര വികസനത്തിന് നൽകിയ സംഭാവനകൾ വളരെ വലുതാണെന്നും എം.എൽ.എ പറഞ്ഞു.