ss
കഴിഞ്ഞദിവസം രാത്രി ജില്ലാ ആശുപത്രി ലബോറട്ടറിക്ക് മുന്നിൽ രൂപപ്പെട്ട ക്യൂ

ജില്ലാ ആശുപത്രി ഒ.പിയിൽ ദുരിതക്കഥ മാത്രം

കൊല്ലം: ജില്ലാ ആശുപത്രിയിൽ ചി​കി​ത്സയ്ക്കെത്തുന്ന രോഗി​കൾ ഉൾപ്പെടെയുള്ളവർ മണി​ക്കൂറുകളോളം ക്യൂ നി​ന്ന് തളരുന്നു. ഒ.പി​ ടി​ക്കറ്റ് എടുക്കാനും ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങാനും മാത്രമല്ല, രക്തം പരിശോധിക്കാനും ഡോക്ടറെ കാണാനും ക്യൂ നിന്ന് തളരുന്ന അവസ്ഥയാണ്.

ഫാർമസിയോട് ചേർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ലബോറട്ടറിയിൽ ആവശ്യത്തിന് ജീവനക്കാരില്ല. കഴിഞ്ഞദിവസം രാത്രി മണിക്കൂറുകളോളമാണ് രോഗികൾ ക്യൂ നിൽക്കേണ്ടി വന്നത്. ലബോറട്ടറിയിൽ ഒരേയൊരു സ്റ്റാഫാണ് ഈ സമയം ഉണ്ടായിരുന്നത്. ആളുകളുടെ എണ്ണം കൂടിയതോടെ കസേരകൾ എല്ലാം നിറഞ്ഞു. ഇതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മണിക്കൂറുകൾ ഒറ്റ നിൽപ്പ് നിക്കേണ്ടി വന്നു. പ്രായമേറിയവർ പലരും തളർന്നുവീഴുന്ന അവസ്ഥയായി. സമയം അതിക്രമിച്ചതോടെ രോഗികളിൽ ചിലർ അധികൃതരോട് പരാതിപ്പെട്ടെങ്കിലും പകരം സംവിധാനം ഒരുക്കാൻ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്.

രാത്രി കാലങ്ങളിൽ ലാബിന് മുന്നിൽ എത്തുമ്പോൾ പലപ്പോഴും ജീവനക്കാർ ഉണ്ടാകാറില്ലെന്ന പരാതിയുണ്ട്. പകൽ സമയത്തുപോലും

മരുന്ന് വാങ്ങാനും ലബോറട്ടറിയിൽ പരിശോധന നടത്താനും മറ്റുമായി വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.

കൗണ്ടറുകൾ കൂടുതൽ വേണം

 ലാബിൽ വേണ്ടത്ര ജീവനക്കാർ ഇല്ല

 പലതവണപരാതിപ്പെട്ടിട്ടും നടപടിയില്ല

 ലബോറട്ടറിയിലെ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ കൗണ്ടറുകൾ വേണം

ഒ.പി​ ടി​ക്കറ്റ് കൗണ്ടറി​ൽ ഉൾപ്പെടെ അഞ്ചി​ടത്തോളം ക്യൂ നിൽക്കണം

 രോഗികൾ എത്തുന്നത് ആഹാരം പോലും കഴിക്കാതെ

 ദിനംപ്രതി നൂറുകണക്കിന് ആളുകൾ ഒ.പിയിൽ

 ടോക്കൺ വിതരണം രാവിലെ ഏഴു മുതൽ

 കാത്തിരിക്കേണ്ടത് രണ്ട് മണിക്കൂർ വരെ

 ഡോക്ടറെ കാണുമ്പോഴേക്കും ഉച്ച കഴി​യും

 ദൂരെ സ്ഥലങ്ങളി​ലുള്ളവർ പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങണം

ജീവനക്കാരുടെ എണ്ണത്തിൽ കുറവില്ല. രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട് . തിരക്ക് നിയന്ത്രിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കും

ജില്ലാ ആശുപത്രി അധികൃതർ