ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണ സമിതി തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പോളിംഗ് ഇന്ന് നടക്കും. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലായുള്ള 52 കരകളിൽ നിന്ന് 260 പേരടങ്ങുന്ന പൊതുഭരണ സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്ന ആദ്യ ഘട്ടമാണിത്. രാവിലെ 9 മുതൽ 4 വരെയാണ് വോട്ടെടുപ്പ്. ആകെ 77,915 വോട്ടർമാരുള്ള തിരഞ്ഞെടുപ്പിൽ, 47 കരകളിൽ നിന്ന് 223 പേരെ തിരഞ്ഞെടുക്കുന്നതിനായി 550 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. 5 കരകളിൽ നിന്ന് 25 പേരെയും 9 കരകളിൽ നിന്ന് 12 പേരെയും എതിരില്ലാതെ തിരഞ്ഞെടുത്തു. ഇതിനായി 82 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. കള്ളവോട്ടിനോ ഇരട്ട വോട്ട് ചെയ്യുന്നതിനോ ശ്രമിക്കുന്നവരുടെ പേരിൽ കേസ് എടുക്കും. ഫോട്ടോയുള്ള ഐഡന്റിറ്റി പ്രൂഫ് വോട്ട് ചെയ്യാൻ നിർബന്ധമാണ്. റിട്ടേണിംഗ് ഓഫീസർ നൽകുന്ന ഐഡന്റിറ്റി കാർഡുള്ള ഏജന്റിനെ മാത്രമേ ബൂത്തിലിരിക്കാൻ അനുവദിക്കൂ. മറ്റ് നിബന്ധനകൾ പൊതുതിരഞ്ഞെടുപ്പിന്റെ മാനദണ്ഡപ്രകാരമായിരിക്കും.
എല്ലാ ബൂത്തിലും ക്രമസമാധാന പാലനത്തിനായി പൊലീസിനെ വിന്യസിക്കും. വീഡിയോ ക്യാമറയുമായുള്ള പൊലീസിന്റെ പെട്രോളിംഗ് വാഹനവും ഉണ്ടാകും. വോട്ടിംഗിന് ശേഷം അതത് ബൂത്തുകളിൽ തന്നെ വോട്ടെണ്ണലും നടത്തും. ഔദ്യോഗിക ഫലപ്രഖ്യാപനം ഓംകാര സത്രത്തിൽ പ്രവർത്തിക്കുന്ന ഓഫീസിൽ റിട്ടേണിംഗ് ഓഫീസർ നടത്തും. സമാധാനപരമായി തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് റിട്ടേണിംഗ് ഓഫീസർ, റിട്ട.ജില്ലാ ജഡ്ജി എസ്. സോമനും ഓച്ചിറ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എം. സുജാതൻപിള്ളയും വാർത്താസമ്മേളനത്തിൽ അഭ്യർത്ഥിച്ചു.