കൊല്ലം: ബിവറേജസ് കോർപ്പറേഷനിൽ സർക്കാർ നടപ്പാക്കിയ ഗാലനേജ് ഫീക്കെതിരെ ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കരിദിനാചരണം നടത്തി. ഗാലനേജ് ഫീ 5 പൈസയിൽ നിന്ന് ഒരു ലിറ്ററിന് 10 രൂപയായി വർദ്ധിപ്പിച്ച നടപടിയിലൂടെ കോർപ്പറേഷനെ വൻ നഷ്ടത്തിലേക്കാണ് സർക്കാർ തള്ളി വിട്ടിരിക്കുന്നത്. 2000 ഇരട്ടിയോളം വർദ്ധനവാണ് ഒരു ലിറ്റർ മദ്യത്തിന് മുകളിൽ ഈ ഗാലനേജ് ഫീ നടപ്പിലാക്കുന്നതിലൂടെ കോർപ്പറേഷന് നഷ്ടം സംഭവിക്കുന്നത്. കോർപ്പറേഷന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഈ ഉത്തരവിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കൊല്ലം വെയർ ഹൗസിന് മുന്നിൽ കരിദിനാചരണവും വിശദീകരണ യോഗവും നടത്തി. ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന സെക്രട്ടറി ജോസ് ആന്റണി ഉദ്ഘാടനം ചെയ്തു. സംയുക്ത സമര സമിതി കൊല്ലം ജില്ലാ ചെയർമാൻ ഉഗേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രാഗേഷ്, എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ടി.യു.സി) കൊല്ലം ജില്ലാ സെക്രട്ടറി ഷഹനാസ്, എസ്. സിൽവർ, ദിനേശ് കുമാർ, മഹേന്ദ്രൻ, ആശ്രാമം സജീവ്, ബിജു, പ്രസീത, സജീവ് നെടുമൺകാവ്, സന്ദീപ്, അനിത, സിസ്‌ലി എന്നിവർ സംസാരിച്ചു.