കരുനാഗപ്പള്ളി: ക്രാന്തദർശിയായ നവോത്ഥാന നായകനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്നു സി.എസ്. സുബ്രഹ്മണ്യൻ പോറ്റി എന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. സാമൂഹ്യ പരിഷ് കർത്താവും എഴുത്തുകാരനുമായിരുന്ന സി.എസ്.സുബ്രഹ്മണ്യൻ പോറ്റിയുടെ സ്മരണ നിലനിറുത്തുന്നതിനായി കരുനാഗപ്പള്ളി നഗരസഭ മുൻകൈയെടുത്ത്, കരുനാഗപ്പള്ളി ടൗൺ എൽ.പി. സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ച സി.എസ്. സുബ്രഹ്മണ്യൻ പോറ്റിയുടെ അർദ്ധകായ പ്രതിമയുടെ അനാച്ഛാദനവും അവാർഡ് വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടുന്നതിനൊപ്പം ഇ.എം.എസ്, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയവർക്കൊപ്പം ചേർന്ന് സ്വസമുദായത്തിനുള്ളിൽ നിലനിന്ന അസമത്വങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെയും അദ്ദേഹം പോരാടി. നിരവധി സ്കൂളുകൾ ഉൾപ്പെടെ ഈ നാട്ടിൽ സ്ഥാപിക്കുന്നതിനു നേതൃത്വം നൽകിയ സി.എസിനെപ്പോലെയുള്ള പൂർവ്കരുടെ പ്രവർത്തനങ്ങൾ ഭാവി തലമുറ വേണ്ടത്ര രീതിയിൽ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.ആർ. മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി.
നഗരസഭാ വിദ്യാഭ്യാസ കലാ-സാംസ്കാരിക സ്ഥിരം സമിതി അദ്ധ്യക്ഷൻ റെജി ഫോട്ടോപാർക്ക് ആമുഖ പ്രഭാഷണം നടത്തി. വൈസ് ചെയർപേഴ്സൺ ഷഹ്നാ നസിം, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഡോ.പി.മീന, മഹേഷ് ജയരാജ്, കൗൺസിലർമാരായ കോട്ടയിൽ രാജു, എൽ. ശ്രീലത, എ.ഇ.ഒ. ആർ. അജയകുമാർ, പ്രഥമാധ്യാപിക ശ്രീകുമാരി, ഡോ. വള്ളിക്കാവ് മോഹൻദാസ് എന്നിവർ സംസാരിച്ചു. സി.എസ്.സുബ്രഹ്മണ്യൻ പോറ്റിയുടെ പേരിൽ കരുനാഗപ്പള്ളി നഗരസഭ ഏർപ്പെടുത്തിയിരിക്കുന്ന വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്കുള്ള "ജ്യോതിർഗമയ" മെരിറ്റ് അവാർഡ് വിതരണവും നഗരസഭ ഏർപ്പെടുത്തിയ സി.എസ്. സുബ്രഹ്മണ്യൻ പോറ്റി സ്മാരക അവാർഡ് ഡോ. വള്ളിക്കാവ് മോഹൻദാസിന് സമ്മാനിക്കുന്ന ചടങ്ങും ഇതോടൊപ്പം നടന്നു. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഉപജില്ലാ കലോത്സവ പ്രതിഭകളെയും ശില്പം നിർമ്മിച്ച ആർട്ടിസ്റ്റ് രാജേന്ദ്രനേയും ചടങ്ങിൽ ആദരിച്ചു.