h
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിനായി കിംസ് വലിയത്ത് ആശുപത്രി ഒരുക്കിയ “ഫാമിലി ഹെൽത്ത് പ്രിവിലേജ് കാർഡ് ” ഗതാഗത വകുപ്പ് മന്ത്രി എസ്. ഗണേഷ് കുമാറിന് കിംസ് പി.ആർ.ഒ ഹെഡ് നസ്രിയ, മാർക്കറ്റിംഗ് മാനേജർ അഫ്സൽ എന്നിവർ ചേർന്ന് കൈമാറുന്നു

കൊല്ലം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിനായി കിംസ് വലിയത്ത് ആശുപത്രി ഒരുക്കിയ “ഫാമിലി ഹെൽത്ത് പ്രിവിലേജ് കാർഡ് ” ഗതാഗത വകുപ്പ് മന്ത്രി എസ്. ഗണേഷ് കുമാർ ഔപചാരികമായി പുറത്തിറക്കി.

കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും, ഒ.പി. കൺസൾട്ടേഷനും കാർഡിയോളജി ഹെൽത്ത് ചെക്കപ്പിനും 50 ശതമാനം ഇളവുകളും, ലബോറട്ടറി, റേഡിയോളജി പോലുള്ള മറ്റ് എല്ലാ സേവനങ്ങൾക്കും കാർഡിയാക് ചികിത്സകൾക്കും പ്രത്യേക ഇളവുകളും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യ നിരക്കിലുള്ള ചികിത്സയും ഈ പദ്ധതിയിലൂടെ ലഭ്യമാകും.

പരിപാടിയിൽ ഡോ.പി. എസ്.പ്രമോദ് ശങ്കർ (ഐ.ഒ.എസ്.എഫ്), ഡോ. കരംജിത്ത് (മെഡിക്കൽ ഓഫീസർ, കെ.എസ്.ആർ.ടി.സി), വിനോദ് കുമാർ (വെൽഫെയർ ഓഫീസർ, കെ.എസ്.ആർ.ടി.സി) എന്നിവർ പങ്കെടുത്തു. കിംസ് വലിയത്ത് ആശുപത്രിയെ പ്രതിനിധീകരിച്ച് മാർക്കറ്റിംഗ് മാനേജർ അഫ്സൽ, പി.ആർ.ഹെഡ് നസ്രിയ എന്നിവർ പങ്കെടുത്തു. കിംസ് വലിയത്ത് ആശുപത്രിയുടെ ബ്രെസ്റ്റ് കാൻസർ അവബോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബ്രെസ്റ്റ് സ്ക്രീനിംഗിനുള്ള സൗജന്യ കൂപ്പൺ കെ.എസ്.ആർ.ടി.സി കണ്ടക്ടർമാർ വഴി കൊല്ലം ജില്ലയിലെ മുഴുവൻ വനിതാ യാത്രക്കാർക്കുമെത്തിക്കുമെന്ന് മന്ത്രി അറിയിച്ചു.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്ന ഇത്തരം പദ്ധതികൾ പൊതുജനാരോഗ്യ സംരക്ഷണത്തിൽ വലിയ പങ്ക് വഹിക്കുന്നുവെന്നും കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യം ഉറപ്പാക്കുന്നതിൽ പങ്കാളികളാകാനായത് കിംസ് വലിയത്ത് ഹോസ്പിറ്റലിന് അഭിമാനമാണെന്നും, സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും ഗുണമേൻമയുള്ള ചികിത്സാ സേവനങ്ങൾ എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും, ഡയറക്ടർ ആൻഡ് സി.ഇ.ഒ, കിംസ് കേരള ക്ലസ്റ്റർ ഫർഹാൻ യാസിൻ അറിയിച്ചു.