ചവറ : ദേശീയപാതയിൽ ശങ്കരമംഗലത്ത് അടിപ്പാത നിർമ്മാണം പൂർത്തീകരിച്ചിട്ടും മാസങ്ങൾ കഴിഞ്ഞിട്ടും ഗതാഗതത്തിനായി തുറന്നു കൊടുക്കാത്തതു മൂലം ശങ്കരമംഗലം ജംഗ്ഷനിലെ യാത്രാ ക്ലേശം രൂക്ഷമായിരിക്കുകയാണ്. റോഡിന്റെ മറുവശം കടക്കുവാൻ പൊലീസ്‌സ്റ്റേഷന്റെ സമീപമുണ്ടായിരുന്ന വഴി അടച്ചതാണ് യാത്രാ ദുരിതത്തിന് കാരണം. കോവിൽത്തോട്ടം റോഡിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് പോകേണ്ടവർക്ക് നിലവിൽ രണ്ട് കിലോമീറ്റർ ചുറ്റി ടൈറ്റാനിയം ജംഗ്ഷനിലെ അടിപ്പാതയിലൂടെ വേണം യാത്ര ചെയ്യാൻ.

വിദ്യാർത്ഥികൾ ഉൾപ്പെടെ ദുരിതത്തിൽ

ശങ്കരമംഗലത്തും പരിസരത്തുമുള്ള സ്കൂളുകളിലായി മൂവായിരത്തോളം വിദ്യാർത്ഥികളാണ് പ്രതിദിനം വന്നുപോകുന്നത്. സർക്കാർ ഓഫീസുകളും കോടതികളും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും ശങ്കരമംഗലം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. സമീപ പ്രദേശത്തെ ദേവാലയങ്ങളിൽ വരുന്നവരും നിരവധിയാണ്.

ബസ് യാത്രക്കാർക്കും ബുദ്ധിമുട്ട്

സർവീസ് റോഡിനു സമീപം കയറുകെട്ടി തിരിച്ച് ഓട്ടോ സ്റ്റാൻഡ് ഉണ്ടാക്കിയിരിക്കുന്നതിനാൽ ബസ് യാത്രക്കാർക്ക് നിൽക്കാനുള്ള സൗകര്യവും കുറവാണ്. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ബസ് സ്റ്റാൻഡിന്റെ പണിയും പൂർത്തീകരിച്ചിട്ടില്ല. ശങ്കരമംഗലം സ്കൂളുകളിലും മിന്നാംതോട്ടിൽ ക്ഷേത്ര ഓഡിറ്റോറിയത്തിലുമായി നാളെ മുതൽ ആരംഭിക്കുന്ന ചവറ ഉപജില്ലാ സ്കൂൾ കലോത്സവത്തോടെ യാത്രാ ക്ലേശം കൂടുതൽ രൂക്ഷമാകാൻ സാദ്ധ്യതയുണ്ട്.

എത്രയും വേഗം ശങ്കരമംഗലത്തെ അടിപ്പാത തുറന്ന് യാത്രാ ക്ലേശം പരിഹരിക്കണം.
ചവറ സുരേന്ദ്രൻ പിള്ള

കലാസരിത്ത് സാംസ്ക്കാരിക സമിതി പ്രസിഡന്റ്