ameebic

തൃശൂർ: കുളങ്ങൾ മലിനമാകുകയും വളർത്തു മൃഗങ്ങളിൽ രോഗപ്രതിരോധശേഷി കുറയുകയും ചെയ്യുമ്പോൾ അമീബിക് മസ്തിഷ്‌കജ്വരം ഗുരുതര ഭീഷണിയാകുമെന്ന് വിദഗ്ദ്ധർ. കുളങ്ങളിലും മറ്റും കുളിപ്പിക്കുന്നതും, കെട്ടിക്കിടക്കുന്ന കുടിവെള്ളം നൽകുന്നതും അപകടകരമാണ്.

30 മുതൽ 40 ഡിഗ്രി സെൽഷ്യസിലുളള വെള്ളത്തിൽ നൈഗ്ലെറിയ ഫൗലേറി എന്ന ഇനം അമീബയുടെ സാന്നിദ്ധ്യമുണ്ടാകാം. വാട്ടർടാങ്കിൽ വെയിലേറ്റ് ചൂടുള്ള വെളളത്തിലും അമീബയുടെ സാന്നിദ്ധ്യമുണ്ടാകുന്നുണ്ടെന്നാണ് നിഗമനം.നെഗ്‌ളേറിയ രാജ്യത്തെ വളർത്തുമൃഗങ്ങളിൽ പലപ്പോഴായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അക്കാന്തമീബ ലക്‌നൗവിൽ എരുമകളെയും ബാധിച്ചു. ഈ അമീബ കന്നുകാലികളുടെ കണ്ണിൽ ബാധിച്ചതായും റിപ്പാേർട്ടുകളുണ്ട്. വിദേശങ്ങളിലെ നായ്ക്കളുടേയും പൂച്ചകളുടേയും കണ്ണുകളെ ഈ അമീബ ബാധിച്ചിട്ടുണ്ട്. മസ്തിഷ്‌കത്തിലെ അണുബാധയാണ് നെഗ്‌ളേറിയ മൃഗങ്ങളിലുണ്ടാക്കുന്നത്.


നായ്ക്കളിലും

പിടിപെടാം


കന്നുകാലികൾ, ചെമ്മരിയാടുകൾ, കാണ്ടാമൃഗം എന്നിവയിൽ ഈ അണുബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗിനിപ്പന്നികൾ, ആടുകൾ, എലികൾ എന്നിവയ്ക്കും രോഗം ബാധിച്ചേക്കാം. വളർത്തുനായ്ക്കളിലും രോഗത്തിനുള്ള സാദ്ധ്യത കൂടുതലാണ്. അമീബിക് മസ്തിഷ്‌ക

ജ്വരമെന്ന പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് മൃഗങ്ങളുടെ ശരീരത്തിൽ ഇവ പ്രവേശിച്ച്, തലച്ചോറിലെത്തിയാണ് രോഗബാധയുണ്ടാക്കുന്നത്. നൈഗ്ലെറിയ ഫൗലേറി എന്ന ഇനം അമീബയാണ് മൃഗങ്ങളിലും മാരകമായ മസ്തിഷ്‌ക ജ്വരമുണ്ടാക്കുന്നത്. ലോകത്ത് പലഭാഗങ്ങളിലും പ്രത്യേകിച്ച് തെക്കേ അമേരിക്കയിൽ ഇവ പശുക്കളിലും വന്യമൃഗങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 'തലച്ചോർ തിന്നുന്ന അമീബ' എന്നാണ് ഇവ പൊതുവേ അറിയപ്പെടുന്നത്.


ലക്ഷണങ്ങൾ:

□കന്നുകാലികളിൽ ആക്രമണ സ്വഭാവം

□കൂട്ടത്തിൽ നിന്നുള്ള ഒറ്റപ്പെടൽ

□അനിയന്ത്രിതമായ ശരീരചലനങ്ങൾ

□വിശപ്പില്ലായ്മ

□ഉണർവില്ലായ്മ

□കൈകാലുകൾ കുഴയുക

□ബോധക്ഷയം

'മൃഗങ്ങളെ കുളങ്ങളിൽ കുളിപ്പിക്കുമ്പോൾ കരുതൽ വേണം. മൃഗങ്ങൾക്ക് കുടിക്കാനുളള വെള്ളം ശുചിത്വമുള്ളതാകണം.. ചൂടുവെളളവും പ്രശ്‌നമാകാം.'

-ഡാേ. ബിന്ദു ലക്ഷ്മണൻ,

വകുപ്പ് മേധാവി,

വെറ്ററിനറി കോളേജ്, മണ്ണുത്തി.