
തൃശൂർ: കാർഷിക സർവകലാശാലയുടെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാർ അനുവദിച്ച ഗ്രാന്റിന്റെ കുറവെന്ന് വൈസ് ചാൻസലർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സർവകലാശാല ഗ്രാന്റായി ആവശ്യപ്പെട്ടത് 4003.2 കോടി രൂപയാണെങ്കിൽ അനുവദിച്ചത് 2146.18 കോടി രൂപ മാത്രം. 1857.06 കോടിയുടെ കുറവാണ് വന്നിട്ടുള്ളത്. പ്ലാൻ ഫണ്ട് അനുവദിച്ചതും കുറവാണ്. നോൺ പ്ലാൻ ഫണ്ടിൽ 251.5 കോടിയുടെയും പ്ലാൻ ഫണ്ട് ഇനത്തിൽ 132 കോടിയുടെ കുറവുമാണ് ഉണ്ടായിട്ടുള്ളത്. എല്ലാ വർഷവും 10 ശതമാനമെങ്കിലും നോൺ പ്ലാൻ ഫണ്ട് അനുവദിക്കേണ്ട സ്ഥാനത്ത് 10 ശതമാനം കുറവാണ്.
നിലവിൽ ശമ്പളം,പെൻഷൻ തുടങ്ങിയ സ്ഥാപന ചെലവുകളിൽ പ്രതിമാസം നാലു കോടി രൂപയോളം അധികം കണ്ടെത്തേണ്ട സാഹചര്യമാണെന്നും സർവകലാശാല അധികൃതർ വിശദീകരിച്ചു. ഇത് വർദ്ധിച്ച് പ്രതിവർഷം 48 കോടി രൂപയുടെ പ്രവർത്തന കമ്മിയാണ് വരുന്നത്. ഇതിനാലാണ് നാലായിരത്തിലേറെ വരുന്ന ജീവനക്കാർക്കാർക്കും തൊഴിലാളികൾക്കും പെൻഷൻ,ആനുകൂല്യങ്ങളിൽ 200 കോടി രൂപ കുടിശിക വന്നത്. ഗ്രാന്റ് കൂട്ടാതെ ഫീസ് വർദ്ധന കുറയ്ക്കാനാകില്ലെന്നാണ് വി.സി നൽകുന്ന വിശദീകരണം.
കുടിശിക കുറച്ചെങ്കിലും തീർക്കാതെ, വിദ്യാർത്ഥികളുടെ ഗ്രാന്റും സ്‌കോളർഷിപ്പും നൽകാതെ ഫീസ് വർദ്ധന പിൻവലിച്ചാൽ 2026 മാർച്ചോടെ ശമ്പളം, പെൻഷൻ എന്നിവ നൽകാൻ കഴിയാതെ വരുമെന്നും അധികൃതർ പറഞ്ഞു.