kfri-
പാർക്കിലെ സസ്യങ്ങൾ

തൃശൂർ: പുത്തൂരിലെ സുവോളജിക്കൽ പാർക്ക് ഇനി, വംശനാശ ഭീഷണി നേരിടുന്ന നിരവധി സസ്യജാലങ്ങളുടെ കൂടി ജനിതക കലവറയാകും. വിവിധ സോണുകളായി തിരിച്ചിരിക്കുന്ന പാർക്കിൽ ഓരോ സോണിലും വംശനാശ ഭീഷണി നേരിടുന്നവ അടക്കമുള്ള അനുയോജ്യമായ സസ്യഇനങ്ങളാണ് വേരുറയ്ക്കുന്നത്.

വനവത്കരണത്തിന്റെയും വ്യത്യസ്ത ആവാസ വ്യവസ്ഥകൾ തയ്യാറാക്കുന്നതിന്റെയും ഭാഗമായി വന ഗവേഷണകേന്ദ്രം 45ലേറെ ഇനങ്ങളുടെ 10,500 പനകളും 35 ഇനങ്ങളിലായി 10,000ൽ അധികം മുളയിനങ്ങളും വൃക്ഷത്തൈകളും നൽകിയിരുന്നു. ഇതിനായി പ്രത്യേക ഫണ്ട് വനം വകുപ്പ് അനുവദിച്ചിരുന്നു.

കണ്ടൽ ഇനങ്ങളും

സൈലന്റ് വാലി സോണിൽ കാട്ടുതെങ്ങും, വെടിപ്ലാവും, കാട്ടുകവുങ്ങും, വെള്ളപൈനും ചൂണ്ടപ്പനയും ഈറ്റ ഇനങ്ങളും ചൂരലുകളുമാണ്. ആഫ്രിക്കൻ സോണിൽ കരിമ്പനയും കല്ലൻ മുളയും ഈന്തിനങ്ങളും മുതലയുടെ ആവാസവ്യവസ്ഥയിൽ സ്വർണക്കണ്ടൽ, ചെറുകണ്ടൽ, മഞ്ഞക്കണ്ടൽ, പൂക്കണ്ടൽ, ചുള്ളിക്കണ്ടൽ എന്നീ ഇനങ്ങൾ ഉൾപ്പെടെയുള്ള കണ്ടൽക്കാടുമുണ്ട്. കേരളത്തിലെ തീരപ്രദേശത്ത് നശിച്ചുപോയതും കണ്ടൽ വർഗത്തിൽപെടുന്നതുമായ 'നീറ്റിപ്പന' യുടെ ശേഖരവും പാർക്കിലുണ്ട്. ഓരോ ആവാസവ്യവസ്ഥയ്ക്കും അനുയോജ്യമായ വൃക്ഷത്തൈകളും വനഗവേഷണകേന്ദ്രം നൽകിയതോടെ വ്യത്യസ്ത വൃക്ഷങ്ങളുടെ ജൈവസഞ്ചയം തയ്യാറായി. പാർക്കിന്റെ ഹരിതവത്കരണത്തിന് മുൻകൈയെടുത്ത കെ.എഫ്.ആർ.ഐയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പ്രശസ്തി പത്രം സമർപ്പിച്ചു. കേരള വന ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞന്മാരായ ഡോ.വി.ബി.ശ്രീകുമാർ ,ഡോ.പി.സുജനപാൽ എന്നിവർ പാർക്കിലെ ആവാസവ്യവസ്ഥകൾ തയ്യാറാക്കുന്നതിൽ പങ്കാളികളായി.

അപൂർവ ഇനങ്ങൾ ഇവ

നിറംപാലി
ചെമ്പൂവം
വലിയ വെള്ളപ്പൈൻ
വയനാവ്
കൽമാണിക്യം
മുട്ടിൽപ്പഴം
തമ്പകം

മുഖ്യമന്ത്രി നൽകിയ പ്രശസ്തിപത്രം സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന വന ഗവേഷണ സ്ഥാപനത്തിന്റെ ആധികാരികത ഉറപ്പിക്കുന്ന സാക്ഷ്യപത്രം കൂടിയാണ്.

ഡോ.കണ്ണൻ സി.എസ്.വാര്യർ
ഡയറക്ടർ, കെ.എഫ്.ആർ.ഐ.