
'ജനങ്ങളോടൊപ്പം നടന്ന് അവർക്കൊപ്പം ചേർന്നുനിൽക്കാനാണ് ജീവിതത്തിലുടനീളം ശ്രമിച്ചത്. എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചതിൽ സന്തോഷം." മലയാള സാഹിത്യത്തിലെ പരമോന്നത പുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിൽ കെ.ജി. ശങ്കരപിള്ള കേരള കൗമുദിയോട് പ്രതികരിച്ചു. 'ഭാവനാ ലോകത്ത് നിന്നല്ല, വലിയ വേദനകളിൽ നിന്നും അനുഭവങ്ങളിൽ നിന്നുമാണ് തന്റെ കവിതകൾ പിറന്നത്. നീതിയുടെ പക്ഷത്ത് നിൽക്കാനാണ് എന്നും ശ്രമിച്ചത്". കവിതയെക്കുറിച്ചുള്ള ചോദ്യത്തിന് ഇതായിരുന്നു മറുപടി. എഴുത്തച്ഛൻ പുരസ്‌കാര പ്രഖ്യാപനം വന്ന ഇന്നലെ മകൻ ആദിത്യശങ്കറിന്റെ ബംഗളൂരുവിലെ വീട്ടിലായിരുന്നു കെ.ജി.എസ്. വീഴ്ചയിൽ കൈയ്ക്ക് പരിക്കേറ്റതിനെ തുടർന്നുള്ള ചികിത്സയിലാണ്. ഈ മാസം 6ന് തൃശൂർ വാരിയം ലൈനിലെ വീട്ടിലേക്ക് മടങ്ങിയെത്തും.
പ്രതിരോധത്തിന്റെ സ്വരം
കാൽപ്പനികമായ പുതുഭാവമല്ല, പ്രതിരോധത്തിന്റെ കടുത്ത സ്വരമാണ് കെ.ജി.എസ് കവിതകളുടെ സവിശേഷത. നീതിയും ധാർമ്മികതയും തകരുമ്പോൾ നിസംഗതയുടെ പുറംതോടിനുള്ളിൽ ഒളിക്കരുതെന്ന ആഹ്വാനം. ആധുനിക കവിതയ്ക്ക് ദാർശനിക ആഴവും സാമൂഹിക വിമർശനത്തിന്റെ തീക്ഷ്ണതയും നൽകിയ കെ.ജി.എസിന് അർഹിക്കുന്ന അംഗീകാരമായി എഴുത്തച്ഛൻ പുരസ്‌കാരം.
ഭാഷയുടെ ഒഴുക്കിനേക്കാൾ മുറുക്കവും ആശയഘനവും കൊണ്ട് കെ.ജി.എസ് വായനക്കാരനെ ആത്മസമരത്തിലേക്ക് എത്തിച്ചു. വൃക്ഷം, ജന്മരാത്രി തുടങ്ങിയ ആദ്യകാല കവിതകളിൽ നിഴലിച്ചത് അസ്തിത്വ വ്യഥകളും ഏകാന്തതയും ഉത്കണ്ഠയും. അതേസമയം, നഷ്ടപ്പെട്ട വേദനകൾ പ്രതിഫലിപ്പിക്കുന്നതായിരുന്നു 'ഞാൻ" എന്ന കവിത. ബംഗാൾ, കൊടുങ്ങല്ലൂർ തുടങ്ങിയ കവിതകളിലേക്ക് എത്തുമ്പോൾ വ്യക്തിത്വ ദുഃഖങ്ങളിൽ നിന്ന് സാമൂഹിക യാഥാർത്ഥ്യങ്ങളിലേക്ക് വാക്കുകൾ പറിച്ചുനടപ്പെട്ടു. മണൽകാലം, പല പോസിലുള്ള ഫോട്ടോകൾ തുടങ്ങിയ കവിതകളിലൂടെ സാമൂഹിക യാഥാർത്ഥ്യങ്ങളെയും സമകാലിക ലോകത്തിന്റെ ഇരട്ടത്താപ്പിനെയും അടയാളപ്പെടുത്തി. കവിതകൾക്ക് വിമർശനാത്മകമായ ഒരകലം വേണമെന്നും കാലത്തോട് ചേർന്നു നിൽക്കുന്നവനല്ല, കാലത്തെ ചോദ്യം ചെയ്യുന്നവനാണ് സമകാലികനെന്നും അദ്ദേഹം വിശ്വസിച്ചു. വർത്തമാന കാലത്തോട് കലഹിക്കുന്ന ക്ഷോഭം കവിതകളിൽ നിഴലിച്ചുനിന്നു.
സൂക്ഷ്മരാഷ്ട്രീയ നിരീക്ഷകൻ
'ഫാസിസം നാടുവാണീടും കാലം പാവങ്ങളെല്ലാരുമൊന്നുപോലെ", നന്ദിഗ്രാം സംഭവത്തിന് ശേഷമുള്ള കവിതയിലാണ് ഇടതിന്റെ നിലപാടുകളോടുള്ള ഈ വിധ വിമർശനം ഉയർന്നുവന്നത്. കവിതയിലെ 'കുത്തും കോമ"യും പോലും സസൂക്ഷ്മം ശ്രദ്ധിച്ച്, ചിട്ടപ്പെടുത്തിയ ശില്പഭംഗിയാണ് ആ രചനകളുടെ മുഖമുദ്ര. അധികാരത്തോടുള്ള വിമർശനവും നിസംഗതയ്‌ക്കെതിരായ ആഹ്വാനവും കൊണ്ട് വിപ്ലവമെന്ന വാക്കിന് പുതിയ അർത്ഥവും പ്രതിരോധമെന്നതിന് പുതിയൊരു മാനവും അദ്ദേഹം കല്പിച്ചു. ആ കവിത ഒരുവേള നഗരവത്കരണത്തിന്റെ പേരിൽ മുറിച്ചുമാറ്റപ്പെടുന്ന വൃക്ഷങ്ങളെക്കുറിച്ച് വിലപിക്കും. പിന്നെ, കവിതയെ ലളിതമാക്കുന്നതിന് പകരം ചിന്താ നിബിഡമാക്കാനായി ശ്രമം.
ചിത്രകല, പുരാണം, സിനിമ, പരിസ്ഥിതി എന്നിവയിലെല്ലാം നിരന്തരം സംവദിക്കുന്ന കെ.ജി.എസ്, ഇടതുചിന്തകനായാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. പിന്നീട് സൂക്ഷ്മരാഷ്ട്രീയ നിരീക്ഷകനായി. പാരിസ്ഥിതിക പ്രശ്‌നങ്ങളിലും ആശാ സമരത്തിലുമെല്ലാം ഇരകൾക്കൊപ്പം നിന്നു. നൈതികതയെ അടിസ്ഥാനമാക്കിയുള്ള ജീവിതവ്യവഹാരങ്ങൾക്ക് കൂടുതൽ ഊന്നൽ കൊടുക്കുന്ന ശൈലിയാണ് കെ.ജി.എസിനെന്ന് നിസംശയം പറയാം.