
തൃശൂർ: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ മേധാവിത്വം തുടരാൻ എൽ.ഡി.എഫ് കച്ചമുറുക്കുമ്പോൾ തിരിച്ചുവരവിന് അടവുകളൊരുക്കുകയാണ് യു.ഡി.എഫ്. ജില്ലയിൽ ഒരു പഞ്ചായത്തിൽ മാത്രം ഭരണത്തിലുള്ള എൻ.ഡി.എ നിലമെച്ചപ്പെടുത്താനുള്ള ശ്രമത്തിലും. കഴിഞ്ഞ രണ്ട് തദ്ദേശ തിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫിന്റെ ശക്തമായ മേധാവിത്വമാണ് പ്രകടമായത്. 86 ഗ്രാമപഞ്ചായത്തുകളിൽ 69ഉം എൽ.ഡി.എഫ് ഭരണത്തിലാണ്.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ 90 ശതമാനത്തിലേറെ എൽ.ഡി.എഫിന്റെ കൈവശമാണ്. കോർപറേഷനിലും 2015 മുതൽ എൽ.ഡി.എഫ് ആധിപത്യമാണ്. ഇതിൽ പകുതിയിലേറെയെങ്കിലും നേടാനാകുമെന്ന അവകാശവാദമാണ് യു.ഡി.എഫ് ഉന്നയിക്കുന്നത്. ബി.ജെ.പിയാകട്ടെ നിലവിലുള്ള അവിണിശേരി നിലിറുത്തുന്നതിന് പുറമെ കോർപറേഷൻ പിടിക്കുമെന്ന അവകാശവാദവും ഉയർത്തുന്നുണ്ട്.
പകുതിയിലേറെ സ്ത്രീ വോട്ടർമാർ
ജില്ലയിൽ ആകെയുള്ള 27,36,895 വോട്ടർമാരിൽ പകുതിയിലേറെ സ്ത്രീകളാണ്. തിരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരുടെ നിലപാട് നിർണായകമാകും. മത്സരരംഗത്തും പകുതിയിലേറെ പേർ സ്ത്രീകളാണ്. 14,59,718 സ്ത്രീ വോട്ടർമാരാണ് ജില്ലയിലുള്ളത്. 12,77,151 പുരുഷ വോട്ടർമാരും 157 പ്രവാസി, 26 ട്രാൻജെൻഡർ വോട്ടർമാരുമുണ്ട്.
പഞ്ചായത്തുകളിൽ 144 അംഗങ്ങൾ കൂടും
കഴിഞ്ഞ തവണത്തേക്കാൾ ഗ്രാമപഞ്ചായത്തുകളിൽ 144 അംഗങ്ങൾ കൂടും. ഭൂരിഭാഗം പഞ്ചായത്തുകളിലും വാർഡ് പുനഃവിഭജനം വന്നതോടെ അംഗങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിൽ ഒരെണ്ണം കൂടി 30 ആയപ്പോൾ കോർപറേഷൻ ഡിവിഷനുകളുടെ എണ്ണം 56 ആയി. ബ്ലോക്ക് പഞ്ചായത്തുകളിൽ 16 വാർഡുകളാണ് വർദ്ധിച്ചത്.
മുനിസിപ്പാലിറ്റി ചിത്രം മാറുമോ..?
ജില്ലയിലെ ഏഴ് മുനിസിപ്പാലിറ്റികളിൽ അഞ്ചും എൽ.ഡി.എഫിന്റെ കൈവശമാണ്. ചാലക്കുടിയും ഇരിങ്ങാലക്കുടയുമാണ് യു.ഡി.എഫിന്റേത്. എൽ.ഡി.എഫ് ഭരിക്കുന്ന അഞ്ചിടങ്ങളിൽ നാലിലും യു.ഡി.എഫ് പ്രതിപക്ഷത്താണെങ്കിൽ കൊടുങ്ങല്ലൂരിൽ എൻ.ഡി.എയാണ് മുഖ്യപ്രതിപക്ഷം. ഇവിടെ ഭരണം പിടിക്കുമെന്ന അവകാശവാദത്തിലാണ് എൻ.ഡി.എ.
ജില്ലയിലെ നിലവിലെ സീറ്റ് ചിത്രം
ഗ്രാമപഞ്ചായത്ത് - 86
എൽ.ഡി.എഫ് - 69
യു.ഡി.എഫ് - 16
ബി.ജെ.പി - 01
ബ്ലോക്ക് പഞ്ചായത്ത് - 16
എൽ.ഡി.എഫ് - 13
യു.ഡി.എഫ് - 03
ജില്ലാ പഞ്ചായത്ത് - 01
എൽ.ഡി.എഫ് - 01
മുനിസിപ്പാലിറ്റി - 07
എൽ.ഡി.എഫ് - 05
യു.ഡി.എഫ് - 02
കോർപറേഷൻ - 01
എൽ.ഡി.എഫ് - 01