
തൃശൂർ: കുതിരാന് സമീപം ഇരുമ്പുപാലത്ത് കാട്ടാന ഫോറസ്റ്റ് ജീപ്പ് തകർത്തു. ഫോറസ്റ്റുകാർ ഇറങ്ങിയോടിയതിനാൽ രക്ഷപെട്ടു. ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു സംഭവം.
കാട്ടാന എത്തിയെന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് ഫോറസ്റ്റ് വാച്ചർമാരെത്തിയത്. ഈ ഭാഗത്ത് വെളിച്ചമില്ലാത്തതിനാൽ ആനയെ കാണാനുമായില്ല. ജീപ്പ് നിറുത്തിയതോടെ ആനയെത്തി ബോണറ്റ് കുത്തിപ്പൊളിക്കുകയായിരുന്നു. ജീപ്പ് കുത്തി മറിച്ചിടാൻ നോക്കിയെങ്കിലും ശബ്ദമുണ്ടാക്കിയതോടെ പിന്മാറി.
കഴിഞ്ഞദിവസം ഇതേ സ്ഥലത്തുവച്ച് ഫോറസ്റ്റ് വാച്ചറായ ഇരുമ്പുപാലം സ്വദേശി ഐക്കരമേപ്പുറത്ത് ബിജുവിനെ കാട്ടാന ആക്രമിച്ചിരുന്നു. ഒരാഴ്ചയായി കുതിരാൻ ഇരുമ്പുപാലം പ്രദേശത്ത് ഈ കാട്ടാന തമ്പടിക്കുന്നുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
ആന പ്രദേശം വിട്ടിട്ടില്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്നും വനം വകുപ്പുദ്യോഗസ്ഥർ അറിയിച്ചു.