
മാള: തൃശൂർ സെൻട്രൽ സഹോദയ കലോത്സവത്തിൽ ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ 1140 പോയിന്റുമായി കിരീടം ചൂടി. മാള ഹോളിഗ്രേസ് അക്കാഡമി 1002 പോയിന്റുമായി രണ്ടാം സ്ഥാനവും മാള ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂൾ 967 പോയിന്റുമായി മൂന്നാംസ്ഥാനവും നേടി. ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂൾ 791 പോയിന്റുമായി നാലാം സ്ഥാനത്തും അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്കൂൾ 739 പോയിന്റുമായി അഞ്ചാം സ്ഥാനത്തുമെത്തി.
സമാപന സമ്മേളനത്തിൽ ചീഫ് പാട്രൺ ഡോ. രാജു ഡേവിസ് പെരേപ്പാടൻ അദ്ധ്യക്ഷനായി. സഹോദയ ജനറൽ സെക്രട്ടറി ഡോ. പി.എൻ.ഗോപകുമാർ, പ്രസിഡന്റ് ഡോ. ബിനു കെ.രാജ്, ഡോ. ദീപ ചന്ദ്രൻ, ഡോ. ഫാ. പി.ജെ.വർഗീസ്, എൻ.എം.ജോർജ്, ഇ.ടി.ലത, അന്ന ഗ്രേസ് രാജു എന്നിവർ പ്രസംഗിച്ചു.
വെെഗയും ഭൂമിയും കലാതിലകം
മാള: തൃശൂർ സെൻട്രൽ സഹോദയ കലോത്സവത്തിൽ കാറ്റഗറി ഫോറിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി വൈഗ കെ.സജീവ് കലാതിലകമായി തെരഞ്ഞെടുത്തു. കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും തുടർച്ചയായി രണ്ടാംവർഷവും ഒന്നാംസ്ഥാനം കരസ്ഥമാക്കി.
ഇംഗ്ലീഷ് കവിതാരചനയിലും കവിതാപാരായണത്തിലും എ ഗ്രേഡ് നേടി. വൈഗ, ശാന്തിനികേതൻ സ്കൂളിന്റെ തിരുവാതിര സംഘത്തിന് ഒന്നാം സ്ഥാനവും ഡ്രാമ ടീമിന് എ ഗ്രേഡും നേടിക്കൊടുത്തു. കുച്ചിപ്പുടിയിൽ അർപ്പണ ഡാൻസ് അക്കാഡമിയിലെ ജോബ് മാസ്റ്ററിന്റെയും മോഹിനിയാട്ടത്തിൽ കലാമണ്ഡലം പ്രഷീജ ഗോപിനാഥിന്റെയും ശിഷ്യയാണ്.
നൃത്തത്തോടൊപ്പം അഭിനയരംഗത്തും വൈഗ സജീവമാണ്. രാജകുമാരി എന്ന ഹ്രസ്വചിത്രത്തിലൂടെ രാജ്യത്തിനകത്തും വിദേശത്തുമായി 200ൽ അധികം അവാർഡ് നേടിയിട്ടുണ്ട്. കല്ലട ബിസിനസ് ഗ്രൂപ്പിലെ സജീവ് കുമാർ കല്ലടയുടെയും ശാലിനിയുടെയും ഏകമകളാണ്.
മാള: തൃശൂർ സെൻട്രൽ സഹോദയ കലോത്സവത്തിൽ കാറ്റഗറി രണ്ടിൽ വലപ്പാട് മണപ്പുറം ഗീതാ രവി പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഭൂമി ബിനോയ് കലാതിലകമായി തെരഞ്ഞെടുത്തു. പെരിങ്ങോട്ടുകര കാട്ടുപറമ്പിൽ ബിനോയ് വാസുദേവൻ - ദിവ്യ രാജ് ദമ്പതികളുടെ മകളായ ഭൂമിക്ക് കലാക്ഷേത്ര അമൽനാഥാണ് ഗുരു. അദ്ധ്യാപകരുടെ പ്രോത്സാഹനമാണ് വിജയത്തിന് പിന്നിലെന്ന് അവർ പറഞ്ഞു.