വടക്കാഞ്ചേരി : മുൻ പഞ്ചായത്ത് മെമ്പർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, അകമല ഭാരതീയ വിദ്യാഭവൻ സ്ഥാപകരിൽ പ്രമുഖൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നാടിന്റെ ജനകീയ മുഖം മദ്രാസ് ഹോട്ടൽ ഉടമ പുലിക്കോട്ടിൽ മഠം നാരായണസ്വാമി (നാണാവ്-68) ഇനി നൊമ്പര ഓർമ്മ. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇപ്പോൾ നടത്തുന്ന കലുങ്ക് സഭയ്ക്ക് സമാനമായി വർഷങ്ങൾക്ക് മുമ്പ് വടക്കാഞ്ചേരി ശിവക്ഷേത്ര ആൽത്തറയിൽ വികസന സഭ നടത്താൻ നേതൃത്വം നൽകിയത് നാരായണ സ്വാമിയാണ്. ഈ സഭയിലാണ് ഭാരതീയ വിദ്യാഭവൻ സ്‌കൂളിനെക്കുറിച്ചുള്ള ആശയം പിറന്നത്. 82 വർഷം പഴക്കമുള്ള മദ്രാസ് ഹോട്ടലിനെ നാടിന്റെ രുചിയിടമാക്കിയ സ്വാമി വെജിറ്റബിൾ ഭക്ഷണ രംഗത്ത് തനതായ ഒരു ബ്രാൻഡ് തന്നെ കെട്ടിപ്പടുത്തു. കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയനേതാക്കളും ഇവിടത്തെ നിത്യസന്ദർശകരായി. മദ്രാസ് ഹോട്ടൽ നിയമസഭയിൽ വരെ ചർച്ചവിഷയമായിരുന്നു. ഉത്രാളിക്കാവ്പൂരം വടക്കാഞ്ചേരി വിഭാഗം, ബ്രാഹ്മണസഭ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി സ്ഥാനങ്ങളും വഹിച്ച സ്വാമി ഒരു തികഞ്ഞ കോൺഗ്രസുകാരനായിരുന്നു. ലൈഫ് മിഷൻ വിവാദത്തിൽ സംസ്ഥാനപാത ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ലാത്തിചാർജ് നടത്തിയപ്പോൾ പൊലീസിന്റെ ലാത്തി പിടിച്ച് വാങ്ങി സമരവീര്യം പ്രകടിപ്പിച്ച നേതാവാണ്. വികസന കാര്യങ്ങളിൽ വലിയ കാഴ്ചപാട് വച്ചുപുലർത്തിയ വ്യക്തിത്വമായിരുന്നു. വടക്കാഞ്ചേരി ബൈപാസ്, എങ്കക്കാട് റെയിൽവെ മേൽപ്പാലം എന്നിവ അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതികളായിരുന്നു.
ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10ന് വടക്കാഞ്ചേരി ബ്രാഹ്മണസഭ ശ്മശാനത്തിൽ നടക്കും. വൈകിട്ട് 5.30ന് വടക്കാഞ്ചേരി വ്യാപാരഭവനിൽ അനുസ്മരണ സമ്മേളനം നടത്തും.