photo

തൃശൂർ: വന്ധ്യംകരണം ഉൾപ്പെടെയുള്ള നടപടികൾ തകൃതിയായി നടക്കുമ്പോഴും നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും തെരുവുനായ ശല്യത്തിന് കുറവില്ല. കോർപറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി വേണ്ടവിധം നടപ്പാക്കാത്തതാണ് വീഴ്ചയ്ക്ക് കാരണമെന്നാണ് ആരോപണം. കൂടാതെ കോർപറേഷന് കീഴിൽ പറവട്ടാനിയിൽ ഒരു കേന്ദ്രം മാത്രമാണുള്ളത്. ജില്ലയിൽ മറ്റൊരിടത്തും എ.ബി.സി കേന്ദ്രങ്ങളില്ല.

ചാവക്കാട്ടെ കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയായെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല. ലോക വെറ്ററിനറി അസോസിയേഷന്റെ അംഗീകാരം കിട്ടിയാൽ മാത്രമെ വന്ധ്യംകരണ ശസ്ത്രക്രിയകൾ ചാവക്കാട്ട് നടത്താനാകൂ. ഇതേസമയം, മാളയിൽ കേന്ദ്രം നിർമ്മാണത്തിന്റെ 60 ശതമാനം മാത്രമാണ് പൂർത്തിയായത്. പറവട്ടാനിയിലെ എ.ബി.സി കേന്ദ്രത്തിൽ തെരുവുനായകളെ എത്തിച്ച് വന്ധ്യംകരണം ചെയ്ത് തിരികെ കൊണ്ടുവിടുന്നതിലും നാട്ടുകാർക്ക് അതൃപ്തിയുണ്ട്.

ഇതിനിടെ വന്ധ്യംകരിച്ച നായകൾ പോലും പ്രജനനം നടത്തിയെന്ന ആരോപണവും കൗൺസിലർമാർ ഉയർത്തുന്നു. ഇത് അടിസ്ഥാന രഹിതമാണെന്നാണ് കേന്ദ്രത്തിന്റെ ചാർജുള്ള ഡോ. വീണ വ്യക്തമാക്കുന്നു. 2016ൽ പറവട്ടാനി കേന്ദ്രം സ്ഥാപിച്ചത് മുതൽ 15000ലേറെ നായകളെ വന്ധീകരിച്ചെന്നും അവർ വ്യക്തമാക്കി. 60 കൂടുകളുള്ള പറവട്ടാനി കേന്ദ്രത്തിൽ നിത്യേന 10 എണ്ണത്തിനെ വന്ധ്യംകരിക്കാനുള്ള സംവിധാനമുണ്ട്. എന്നാൽ നാലോ അഞ്ചോ നായകളെ മാത്രമാണ് ഇപ്പോൾ കിട്ടുന്നത്. ബാക്കിയെല്ലാം വന്ധ്യംകരണം നടത്തിയവയാണെന്നാണ് ഔദ്യോഗിക വിശദീകരണം.

ചാലക്കുടി, വെള്ളാങ്ങല്ലൂർ, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. നായകളുടെ പ്രജനന നിരക്ക് കൂടുതലായതിനാൽ പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയാൽ മാത്രമെ നിയന്ത്രിക്കാനാകൂ. തൃശൂർ ജില്ലയിൽ 2024ൽ മാത്രം 29,363 പേർക്ക് നായകടിയേറ്റതായാണ് റിപ്പോർട്ട്.


ഭയന്നുവിറച്ച് കുരിയച്ചിറ

കുരിയച്ചിറയിൽ മാത്രം 80ലേറെ തെരുവുനായകളുണ്ടെന്ന് കുരിയച്ചിറ ഡെവലപ്‌മെന്റ് അസോസിയേഷൻ. രണ്ട് ദേവാലയങ്ങളും നാല് സ്‌കൂളുകളുമുള്ള കുരിയച്ചിറയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഭയത്തോടെയാണ് യാത്ര ചെയ്യുന്നത്.


സർവേ നടത്തും

തെരുവുനായകളുടെ എണ്ണമെടുക്കാൻ ലോക വെറ്ററിനറി സൊസൈറ്റിയുടെ സഹകരണത്തോടെ ജില്ലയിൽ സർവേയെടുക്കും. അനിമൽ ഹസ്ബൻഡറി വകുപ്പ് സർവേ പൂർത്തിയാക്കിയെങ്കിലും പ്രത്യേകം തിരിച്ചുള്ളതായിരുന്നില്ല. പുതിയ സർവേ വരുന്നതോടെ അനിമൽ ബർത്ത് കൺട്രോൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഗുണകരമാകും.