photo-
1

മാള : ആളൂരിലെ കർഷകർക്കും സഹകരണമേഖലയ്ക്കും പ്രതീക്ഷയായി കപ്പയും നേന്ത്രക്കായയും ചക്കയും ഇനി മുതൽ മൂല്യവർദ്ധിത ഉത്പന്നങ്ങളാകും. കർഷകർക്ക് ന്യായവില ഉറപ്പാക്കാനും കാർഷികഉത്പന്നങ്ങൾ നശിക്കുന്നത് തടയാനും ലക്ഷ്യമിട്ട് മാള ബ്ലോക്ക് പഞ്ചായത്തും ആളൂർ സർവീസ് സഹകരണ ബാങ്കും നബാർഡും സംയുക്തമായാണ് 'കൃഷി മൂല്യവർദ്ധിത ഉത്പന്ന പദ്ധതി'ക്ക് തുടക്കമിടുന്നത്.

2019-20 പ്രളയകാലത്തെ കർഷകരുടെ ദുരനുഭവമാണ് പ്രചോദനമായത്. അന്ന് കർഷകരിൽ നിന്ന് കപ്പ ശേഖരിച്ച് ആവശ്യക്കാർക്കെത്തിച്ച മാതൃകയാണ് വിപുലമായ പദ്ധതിയാകുന്നത്. ചക്കയിൽ നിന്ന് ചിപ്സ്, ചക്കജാം ഉൾപ്പെടെയുള്ല ഉത്പന്നങ്ങളും കായയിൽ നിന്ന് ബേബിഫുഡ്സ്, ചിപ്സ് ഉൾപ്പെടെയുള്ളവയുമാണ് നിർമ്മിക്കുക. ബ്ലോക്ക് പഞ്ചായത്തിന്റെ 62 സെന്റ് സ്ഥലത്താണ് സംരംഭമാരംഭിക്കുക.

ആളൂർ സർവീസ് സഹകരണ ബാങ്ക് 51 ലക്ഷത്തിന്റെ ആധുനിക ഉപകരണങ്ങൾ നൽകി. മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള സാങ്കേതിക സഹായവും ഉറപ്പാക്കി. ബ്ലോക്ക് പഞ്ചായത്ത് എട്ട് ലക്ഷം സബ്‌സിഡി നൽകും.

ജോലിക്കാരിൽ 50 ശതമാനം എസ്.സി വനിതകളാകും. ഭാവിയിൽ ബേബി ഫുഡ് അടക്കമുള്ള ഉത്പന്നങ്ങൾ നിർമ്മിച്ച് വിദേശ വിപണികളിലേക്കും എത്തിക്കും. ആളൂർ, അന്നമനട, കുഴൂർ, മാള, പൊയ്യ എന്നീ പഞ്ചായത്തുകളിലെ പച്ചക്കറി ഫലവർഗ കർഷകർക്ക് ഈ പദ്ധതി വലിയ ആശ്വാസമാകും. ആളൂർ വെള്ളാഞ്ചിറ കാൽവരിക്കുന്ന് വ്യവസായകേന്ദ്രം കോമ്പൗണ്ടിൽ പണി പൂർത്തിയായ കാർഷിക ഉത്പന്നങ്ങളുടെ സംഭരണ സംസ്‌കരണ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി ആർ.ബിന്ദു നാളെ രാവിലെ പത്തരയ്ക്ക് നിർവഹിക്കും. വി.ആർ.സുനിൽ കുമാർ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പ്രസിഡന്റ് രേഖാ ഷാന്റി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, ആളൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.ഡി.അശോകൻ, കെ.ആർ.ജോജോ എന്നിവർ പങ്കെടുക്കും. ബ്ലോക്ക് പഞ്ചായത്ത് -ബാങ്ക് സംയുക്ത നിരീക്ഷക സംവിധാനവുമുണ്ടാകും. ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ബാങ്ക് പ്രതിനിധികൾ എന്നിവർ സമിതിയിലുണ്ട്.

മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഇവ

ചക്കയിൽ നിന്നും :

ചിപ്‌സ്, ചക്ക ജാം, ചക്ക പൊടി
നേന്ത്രക്കായ :

ബേബി ഫുഡ് (കണ്ണങ്കായ), ചിപ്‌സ്
പഴുത്ത കായ : ചിപ്‌സ്

കപ്പ : ചിപ്‌സ്, കപ്പപ്പൊടി