പാവറട്ടി : പെരിങ്ങാട് പുഴ സംരക്ഷിത വനഭൂമി പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡി.എഫ്.ഒ) സ്ഥലം സന്ദർശിച്ചു. വനംവകുപ്പ് സർക്കാരിന് സമർപ്പിക്കേണ്ട റിപ്പോർട്ട് തയ്യാറാക്കുന്നതിനായാണ് ഡി.എഫ്.ഒ: മാർട്ടിൻ സ്ഥല പരിശോധന നടത്തിയത്. പാവറട്ടി പഞ്ചായത്തിലെ 234.18 ഏക്കർ വരുന്ന പെരിങ്ങാട് പുഴയെ 2021 ഫെബ്രുവരിയിലാണ് സർക്കാർ സംരക്ഷിത വനഭൂമിയാക്കി ഉത്തരവിറക്കിയത്. എന്നാൽ, ഇതിനെതിരെ പ്രദേശവാസികൾക്കിടയിൽ നിന്ന് ജനകീയ പ്രതിഷേധം ശക്തമായി. അതോടെ ഉത്തരവ് പിൻവലിക്കാൻ മന്ത്രിതലത്തിൽ തീരുമാനമായി. വനംവകുപ്പ് സെറ്റിൽമെന്റ് ഓഫീസറായ തൃശൂർ ആർ.ഡി.ഒയും ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിലേക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഉത്തരവ് പിൻവലിക്കാനുള്ള മന്ത്രിതല തീരുമാനം ഉണ്ടായിട്ടും നടപടിക്രമങ്ങൾ പൂർത്തിയാക്കി അന്തിമ ഉത്തരവ് പുറപ്പെടുവിക്കാൻ അനാവശ്യ കാലതാമസം ഉണ്ടാക്കുകയാണെന്ന് തീരദേശ സംരക്ഷണ സമിതി ആരോപിച്ചു. കഴിഞ്ഞ അഞ്ചു വർഷമായി സമിതിയുടെ നേതൃത്വത്തിലാണ് പ്രദേശവാസികൾ സമരം നടത്തിവരുന്നത്. ഡി.എഫ്.ഒയുടെ സ്ഥലസന്ദർശനം അന്തിമ ഉത്തരവ് വേഗത്തിലാക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ഉത്തരവ് പിൻവലിക്കണമെന്ന് കഴിഞ്ഞ ദിവസം മുരളി പെരുനെല്ലി എം.എൽ.എയും ആവശ്യപ്പെട്ടിരുന്നു.