പാലപ്പിള്ളി: പുലിക്കണ്ണിയിലെ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. ശനിയാഴ്ച രാത്രിയിലാണ് സംഭവം. പുലിക്കണ്ണി മൂർക്കാട്ടിൽ ബിജുവിന്റെ പറമ്പിലാണ് ആനക്കൂട്ടമെത്തിയത്. പുഴ നീന്തിയെത്തിയ ആറോളം ആനകളാണ് പറമ്പിൽ ഇറങ്ങിയത്. കവുങ്ങുകളും തെങ്ങുകളും കുത്തി മറിച്ചിട്ട നിലയിലാണ്. പാലപ്പിള്ളിയിൽ നിന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. ശനിയാഴ്ച രാത്രി പിള്ളത്തോട് ഭാഗത്ത് റോഡ് മുറിച്ചുകടന്നാണ് ആനകൾ ജനവാസ മേഖലയിൽ എത്തിയത്. കാരികുളം കടവ്, പാലച്ചുവട് പ്രദേശങ്ങളിലും ആനശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.