
തൃശൂർ: ലാലൂരിൽ ഐ.എം.വിജയൻ സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട്. ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്നലെ വൈകിട്ട് നടന്ന വിളംബര ഘോഷയാത്ര വർണഭാമായി. തെക്കേഗോപുര നടയിൽ നിന്നാരംഭിച്ച ഘോഷയാത്ര ലാലൂരിലെ ഷോപ്പിംഗ് കോംപ്ലക്‌സിൽ സമാപിച്ചു. മേയർ എം.കെ.വർഗീസ്, ഐ.എം.വിജയൻ, പി.കെ.ഷാജൻ എന്നിവർ നേതൃത്വം നൽകി. വാദ്യമേളങ്ങൾ, പുലിക്കളി, കാവടി എന്നിവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. 50 കോടി ചെലവിൽ ലാലൂരിൽ നിർമ്മിച്ച സ്‌റ്റേഡിയത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം വൈകിട്ട് അഞ്ചിന് മന്ത്രി വി.അബ്ദു റഹിമാൻ ഉദ്ഘാടനം ചെയ്യും. ഗ്രൗണ്ടിന്റെ ഉദ്ഘാടനം കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നിർവഹിക്കും. അക്വാട്ടിക്‌സ് കോംപ്ലക്‌സിന്റെ ഉദ്ഘാടനവും കായികപ്രതിഭകളെ ആദരിക്കലും മന്ത്രി കെ.രാജൻ നിർവഹിക്കും. പവലിയൻ ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി ആർ.ബിന്ദു നിർവഹിക്കും.
അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം പി.ബാലചന്ദ്രൻ എം.എൽ.എയും ടെന്നീസ് കോർട്ടിന്റെ ഉദ്ഘാടനം എ.സി.മൊയ്തീൻ എം.എൽ.എയും സമരഭടന്മാരെ ആദരിക്കൽ മുൻ മന്ത്രി ഇ.പി.ജയരാജനും കായിക പ്രതിഭകളെ ആദരിക്കൽ മുൻ കൃഷി മന്ത്രി വി.എസ്.സുനിൽ കുമാറും നിർവഹിക്കും. തൃശൂർ കോർപറേഷൻ മേയർ എം.കെ.വർഗീസ് അദ്ധ്യക്ഷനാകും. സ്‌പോർട്‌സ് കോംപ്ലക്‌സിൽ 5000 പേർക്കിരിക്കാവുന്ന ഇൻഡോർ സ്റ്റേഡിയം, ബാഡ്മിന്റൺ, വോളിബാൾ, ബാസ്‌കറ്റ് ബാൾ, ഹാൻഡ്ബാൾ, കോർട്ടുകൾ, ഫുട്ബാൾ ഗ്രൗണ്ട്, പ്രാക്ടീസ് പൂൾ, പവലിയൻ ബ്ലോക്ക്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവയാണ് ഒന്നാംഘട്ടത്തിൽ പൂർത്തിയാക്കിയിട്ടുള്ളത്. ഉദ്ഘാടന ശേഷം പ്രദർശന ഫുട്ബാൾ മത്സരവും ഉണ്ടായിക്കും.