മാള : 'പ്രകൃതിയെ മുറിവേൽപ്പിക്കാതെ നോക്കുന്നതാണ് മനുഷ്യന്റെ നല്ല കർമം'... നാല് പതിറ്റാണ്ടായി പ്രകൃതിയെ സംരക്ഷിക്കാൻ ജീവിതം മാറ്റിവച്ച മാള അണ്ണല്ലൂരിലെ പരിസ്ഥിതി പ്രവർത്തകനായ വി.കെ.ശ്രീധരന്റെ വാക്കുകളാണിവ.
മണ്ണിനെയും മരങ്ങളെയും ചെടികളെയും ഒരുപോലെ സ്‌നേഹിച്ചുകൊണ്ടാണ് കിലയിലെ ഫാക്കൽറ്റികൂടിയായ ഇദ്ദേഹത്തിന്റെ ജീവിതം. വയനാട്ടിൽ മേപ്പാടി പഞ്ചായത്തിൽ എൽ.ഡി ക്ലാർക്കായി 1985ൽ ഔദ്യോഗിക തുടങ്ങിയതോടെയാണ് പരിസ്ഥിതി യാത്ര ആരംഭിച്ചത്. പിന്നീട് കേരള ജൈവകർഷക സമിതി ആരംഭിച്ചു. അതിരപ്പിള്ളിയിൽ 'നല്ലഭൂമി പദ്ധതി' നടത്തി. അഞ്ച് വർഷം കൊണ്ട് തരിശുഭൂമിയെ ചെറുവനമാക്കി മാറ്റി. നിലവിൽ ഒരു ഏക്കറിൽ 500ൽ കൂടുതൽ ചെടികളും 125ൽ പരം അപൂർവ്വ ഇനങ്ങളുമുള്ള തോട്ടം സംരക്ഷിച്ച് വരുന്നു. 25 വർഷം മുമ്പ് പണിത മൺതറ വീടിന് ചുറ്റും വനമാണ്. വാട്ടർ അതോറിറ്റി റിട്ട. അസിസ്റ്റന്റ് എൻജിനീയറായ ഭാര്യ രമണി ജൈവകൃഷിക്കൊപ്പം പേപ്പർ പെൻ, പേപ്പർ ബാഗ് ഉണ്ടാക്കുന്നതിൽ പരിശീലകയുമാണ്. മകൻ പതംഗ് ഐ.ടി. ജോലിയും ഇളയ മകൻ ധനുസ് കോട്ടയം എം.ജി. യൂണിവേഴ്‌സിറ്റിയിൽ എ.ഐയിൽ ബിരുദാനന്തര ബിരുദം ചെയ്യുന്നു. പക്ഷി നിരീക്ഷണം ഫോട്ടോഗ്രാഫി, തേനീച്ച വളർത്തൽ എന്നിവയാണ് ഇഷ്ടങ്ങൾ.
തേടിയെത്തിയത് 11 പുരസ്കാരങ്ങൾ
ജൈവക്കൃഷിയുടെയും പരിസ്ഥിതി ബോധത്തിന്റെയും മാതൃകയായ വി.കെ.ശ്രീധരന് ഇതിനോടകം വനമിത്ര പുരസ്‌കാരം ഉൾപ്പെടെ 11 അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 17 പുസ്തകങ്ങളും ഇദ്ദേഹം രചിച്ചു. 2024ൽ ഇന്റർനാഷണൽ സൊസൈറ്റി ഫോർ സോഷ്യൽ എമ്പവർമെന്റ് നൽകിയ സ്വാഭാവിക വനസംരക്ഷക പുരസ്‌കാരവും ലഭിച്ചു.
ബീ നാച്വറൽ,പ്രകൃതിയോട് ചേർന്ന് ലളിതമായി ജീവിക്കൂ. കാലാവസ്ഥാ പ്രതിസന്ധിക്ക് പ്രകൃതിക്കൃഷിയും വനവത്കരണവുമാണ് മരുന്ന്.
-വി.കെ. ശ്രീധരൻ