vehicle

വടക്കാഞ്ചേരി: വടക്കാഞ്ചേരി പുഴയുടെ കുമ്മായച്ചിറയ്ക്ക് സമീപം ആരംഭിക്കുന്ന നവകാന്തി സ്വാപ്പ് ഷോപ്പിന്റെ (കൈമാറ്റച്ചന്ത) ഉദ്ഘാടനച്ചടങ്ങിൽ ഫ്ലാഗ് ഓഫ് ചെയ്ത വാഹനം പുഴയിലേക്ക് പതിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.35നായിരുന്നു സംഭവം. സാധനസാമഗ്രികൾ കൈമാറ്റച്ചന്തയിലെത്തിച്ച് ആവശ്യക്കാർക്ക് നൽകുന്ന പദ്ധതിക്കായി ലക്ഷങ്ങൾ മുടക്കി വാങ്ങിയ നാലുചക്ര ഇലക്ട്രിക് വാഹനമാണ് അപകടത്തിൽപ്പെട്ടത്. നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ വാഹനം ഫ്ലാഗ് ഓഫ് ചെയ്തതോടെ ഹരിതകർമ്മ സേനാംഗവും ഡ്രൈവറുമായ ബിന്ദു വാഹനം മുന്നോട്ടെടുത്തു. നിയന്ത്രണംവിട്ട വാഹനം പുഴയിലേക്ക് ഓടിയറങ്ങുകയായിരുന്നു. സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.ആർ.അരവിന്ദാക്ഷനും വാഹനത്തിലുണ്ടായിരുന്നു.

പുഴയിൽ മുങ്ങി ഒഴുകിയ വാഹനത്തിന്റെ ഡോർ സാഹസികമായി തുറന്ന് അരവിന്ദാക്ഷൻ ബിന്ദുവുമായി പുറത്തുകടക്കുകയായിരുന്നു. പുഴയിലേക്ക് ചാടിയ ജീവനക്കാർ ഇരുവരെയും കരയിലേക്കെത്തിച്ചു. വാഹനം ക്രെയിൻ ഉപയോഗിച്ച് കരയ്ക്ക് കയറ്റി. ഉദ്ഘാടന സമ്മേളനം തുടർന്നു. അരവിന്ദാക്ഷനെയും ബിന്ദുവിനെയും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.