a

തൃശൂർ: സംസ്ഥാന അവാർഡ് പരിഗണനയ്ക്ക് വന്ന 28 സിനിമകളിൽ 10 ശതമാനത്തി​ന് മാത്രമാണ് നിലവാരമുള്ളതെന്ന് ജൂറി ചെയർപേഴ്‌സൺ പ്രകാശ് രാജ്. പുരസ്‌കാര നിർണയം എളുപ്പമുള്ള ജോലിയല്ല, എന്നാൽ ജൂറിയിലെ സഹപ്രവർത്തകർ ഇക്കാര്യം എളുപ്പമാക്കിത്തന്നു. അതിനാൽ ഏകകണ്ഠമായ തീരുമാനത്തിൽ എത്താനായെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

10 ദിവസം ഒരു ലൈബ്രറിയിലിരുന്ന് 2024ലെ സിനിമകളെ വിലയിരുത്താൻ കഴിഞ്ഞു. സിനിമകൾ നിർമ്മിക്കാൻ ചലച്ചിത്ര വികസന കോർപറേഷൻ തുക നൽകുന്നത് സന്തോഷകരം. എന്നാൽ ആ നികുതിപ്പണം അർഹിക്കുന്ന യുവാക്കൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. ചലച്ചിത്ര ഗാനത്തിനുള്ള പുരസ്‌കാരം പലപ്പോഴും ക്ലാസിക്കൽ ഗാനങ്ങൾക്കാണ് നൽകാറ്. ഇക്കാലത്ത് യുവാക്കൾ തെരയുന്നത് ഉത്തരവാദിത്തമുള്ള ഗാനങ്ങളാണ്. മഞ്ഞുമ്മൽ ബോയ്‌സിലെ വേടന്റെ റാപ്പ് സംഗീതത്തിൽ ആ സിനിമയുടെ എല്ലാ പിരിമുറുക്കവും അഭിലാഷവും സ്വപ്നവും പ്രതിഫലിക്കുന്നുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു.