ഗുരുവായൂർ : ക്ഷേത്രത്തിന്റെ ഉൾവശമോ ഗുരുവായൂരപ്പന്റെ രൂപമോ ഇതുവരെ കണ്ടിട്ടില്ലെങ്കിലും ഗുരുവായൂരപ്പനെയും സന്നിധിയെയും മനസിൽ കണ്ട് ഈർക്കിലിയിൽ ക്ഷേത്രരൂപം ഒരുക്കിയിരിക്കയാണ് ബിജു. പത്ത് മാസം സമയമെടുത്ത് ഏകദേശം 5000 ഈർക്കിലികൾ കോർത്തിണക്കിയാണ് കോട്ടപ്പടി സ്വദേശി മാറോക്കി ബിജു ഗുരുവായൂർ ക്ഷേത്രത്തിന്റെ മാതൃക തയ്യാറാക്കിയത്. താൻ പുറത്ത് നിന്ന് മാത്രം കണ്ടിട്ടുള്ള ക്ഷേത്രമാണ് സിമന്റ് തൊഴിലാളിയായ ബിജു തന്റെ കലാവിരുതിൽ മനോഹരമായി ആവിഷ്‌കരിച്ചത്. ജോലി കഴിഞ്ഞെത്തിയാൽ ദിവസവും ഒരു മണിക്കൂർ വീതം ക്ഷേത്ര രൂപ നിർമ്മാണത്തിന് മാറ്റിവയ്ക്കുകയായിരുന്നു. ആവശ്യമായ ഈർക്കിലുകളെല്ലാം ഭാര്യയും രണ്ട് മക്കളും ചേർന്ന് ഒരുക്കിക്കൊടുത്തു. രണ്ട് കൊച്ചുമുറികൾ മാത്രമുള്ള വീട്ടിലെ ഒരു മുറി ക്ഷേത്ര രൂപ നിർമ്മാണത്തിനായി മാറ്റിവച്ചിരിക്കുകയായിരുന്നുവെന്ന് ബിജു പറഞ്ഞു.
പുഷ്പ എന്ന സഹോദരിയാണ് ക്ഷേത്രത്തിന്റെ ഉൾഭാഗമെല്ലാം എങ്ങനെയാണെന്ന് പറഞ്ഞു തന്നത്. നേരത്തെ കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളി ഈർക്കിലിയിൽ തീർത്തപ്പോൾ മുതലുള്ള ആഗ്രഹമായിരുന്നു ഗുരുവായൂർ ക്ഷേത്രവും ഈ രീതിയിൽ തീർക്കണമെന്നത്. അത് സാർത്ഥകമായതിൽ സംതൃപ്തനാണ്.
- ബിജു