a

ടൊവിനോ തോമസ്, ആസിഫലി, ജ്യോതിർമയി, ദർശന രാജേന്ദ്രൻ എന്നിവർക്ക് പ്രത്യേക ജൂറി പരാമർശം

പ്രേമലു ജനപ്രിയ ചിത്രം

ഗായകൻ കെ.എസ്.ഹരിശങ്കർ

ഗായിക സെബ ടോമി

ഗാനരചയിതാവ് റാപ്പർ വേടൻ

 ഫാസിൽ മുഹമ്മദ് നവാഗത സംവിധായകൻ

തൃശൂർ: ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയായും ചാത്തനായും സൂക്ഷ്മാഭിനയം കാഴ്ചവച്ച മമ്മൂട്ടി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കി. ഫെമിനിച്ചി ഫാത്തിമയിലൂടെ സ്ത്രീസഹനവും സ്വാതന്ത്ര്യ പ്രഖ്യാപനവും സ്വാഭാവിക ചാരുതയോടെ അവതരിപ്പിച്ച ഷംല ഹംസയാണ് മികച്ച നടി. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.ടൊവിനോ തോമസ് (എ.ആർ.എം), ആസിഫലി (കിഷ്‌കിന്ധാ കാണ്ഡം), ജ്യോതിർമയി (ബോഗയ്ൻ വില്ല), ദർശന രാജേന്ദ്രൻ (പാരഡൈസ്) എന്നിവർ പ്രത്യേക ജൂറി പരാമർശം നേടി.

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്‌സാണ് മികച്ച ചിത്രം. സംവിധായകനും തിരക്കഥാകൃത്തിനുമുള്ള പുരസ്‌കാരവും ചിദംബരം നേടി. ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവരാണ് നിർമ്മാതാക്കൾ. രണ്ടാമത്തെ ചിത്രം ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയാണ്. നവാഗത സംവിധായകനുള്ള പുരസ്കാരവും ഫാസിൽ മുഹമ്മദിനാണ്. പ്രസന്ന വിതാനഗെ സംവിധാനം ചെയ്ത പാരഡൈസ് പ്രത്യേക ജൂറി അവാർഡ് നേടി. എ.ഡി.ഗിരീഷ് സംവിധാനം ചെയ്ത പ്രേമലുവാണ് ജനപ്രിയ ചിത്രം. മികച്ച ഗായകൻ കെ.എസ്.ഹരിശങ്കർ (ഗാനം: കിളിയേ...,​പൂവേ പൂവേ...,ചിത്രം: എ.ആർ.എം),​​​ഗായിക സെബ ടോമി (ഗാനം: ആരോരും കേറിടാത്തൊരു ചില്ലയിൽ, ചിത്രം: അംഅഃ)​.
സ്വഭാവ നടൻമാർ സൗബിൻ ഷാഹിറും (മഞ്ഞുമ്മൽ ബോയ്‌സ്), സിദ്ധാർത്ഥ് ഭരത(ഭ്രമയുഗം)നുമാണ്. നടന്ന സംഭവം എന്ന സിനിമയിലെ അഭിനയത്തിലൂടെ ലിജോ മോൾ ജോസ് സ്വഭാവ നടിയായി. മികച്ച കഥാകൃത്ത് പ്രസന്ന വിതാനഗെയാണ്, ചിത്രം പാരഡൈസ്. ലാജോ ജോസ്, അമൽ നീരദ് എന്നിവരുടേതാണ് മികച്ച അവലംബിത തിരക്കഥ, ചിത്രം ബോഗയ്ൻ വില്ല. മഞ്ഞുമ്മൽ ബോയ്‌സിലെ 'വിയർപ്പ് തുന്നിയിട്ട കുപ്പായം' എന്ന ഗാനമെഴുതിയ റാപ്പർ വേടൻ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം നേടി. കാൻ ചലച്ചിത്രമേളയിൽ ഇന്ത്യയുടെ അഭിമാനമായ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിന് ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക പുരസ്‌കാരം ലഭിച്ചു. മികച്ച ചലച്ചിത്ര ഗ്രന്ഥമായി സി.എസ്.മീനാക്ഷിയുടെ 'പെൺപാട്ടുകൾ മലയാള സിനിമാപ്പാട്ടുകളിലെ പെണ്ണാവിഷ്‌കാരങ്ങൾ' തിരഞ്ഞെടുത്തു. ഡോ. വത്സലൻ വാതുശ്ശേരിയുടെ മറയുന്ന നാലുകെട്ടുകൾ മലയാള സിനിമയും മാറുന്ന ഭാവുകത്വങ്ങളുമാണ് മികച്ച ലേഖനം. സമയത്തിന്റെ വിസ്തീർണം എന്ന നൗഫൽ മറിയം ബ്ലാത്തൂരിന്റെ ലേഖനം പ്രത്യേക ജൂറി പരാമർശം നേടി.

മമ്മൂട്ടിക്ക് പുരസ്‌കാരം നേടിക്കൊടുത്ത ഭ്രമയുഗത്തിന്റെ സംവിധായകൻ രാഹുൽ സദാശിവനാണ്.

ചലച്ചിത്ര വിഭാഗം ജൂറി ചെയർമാൻ പ്രകാശ് രാജ്, രചനാവിഭാഗം ചെയർമാൻ മധു ഇറവങ്കര, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരൻ, സി.അജോയ്, വിജയരാജമല്ലിക, സന്തോഷ് എച്ചിക്കാനം തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. എൻട്രികൾ ലഭിക്കാത്തതിനാൽ മികച്ച ബാലതാരങ്ങളുടെ അവാർഡ് പ്രഖ്യാപിച്ചില്ല.