ചാലക്കുടി: തുമ്പൂർമുഴി ഇറിഗേഷൻ വലതുകര ജലസേചന പദ്ധതിയിൽ ഇക്കുറി നേരത്തെ വെള്ളം വിടും. നവംബർ പകുതിയോടെ വെള്ളം തുറന്നു വിടാനാണ് ഇപ്പോൾ ആലോചിക്കുന്നത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി മെയിൻ കനാൽ ശുചീകരിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. തുലാവർഷം നീണ്ടുനിൽക്കുന്ന ഘട്ടങ്ങളിൽ നവംബർ അവസാനം മുതൽ വെള്ളം വിടുന്ന പതിവുമുണ്ട്. പ്രധാനമായും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ശുചീകരണം നടക്കുന്നത്. ആഴം കൂടിയ ഭാഗത്ത് കരാർ അടിസ്ഥാനത്തിൽ ഹിറ്റാച്ചി ഉപയോഗിച്ചും കനാൽ വൃത്തിയാക്കും. പീലാർമുഴി ഭാഗത്താണ് ഹിറ്റാച്ചി ഇറക്കി ശുചീകരിക്കുന്നത്. മെയിൻ കനാലിന് പുറമെ ആർ.ബി.സിയുടെ മൂന്ന് റീച്ചുകളിലും കനാൽ ശുചീകരിക്കും. തുടർന്ന് പ്രാധാന്യം അനുസരിച്ച് ബ്രാഞ്ച് കനാലുകളും വൃത്തിയാക്കും. വിവിധ കനാൽ കമ്മിറ്റികൾ എത്രയും വേഗം വെള്ളം വിടണമെന്ന ആവശ്യം ഇതിനകംതന്നെ ഉന്നയിച്ചിട്ടുണ്ട്.
ആകെ 48 കിലോമീറ്റർ ശുചീകരണം
ഇടമലയാർ ഇറിഗേഷൻ പ്രൊജക്ടിൽ ഉൾപ്പെടുന്ന വലതുകര പദ്ധതിയിൽ മെയിൻ കനാൽ, ബ്രാഞ്ച് കനാലുകൾ എന്നിവയടക്കം ആകെ 48 കിലോമീറ്റർ ശുചീകരിക്കേണ്ടി വരും. ചാലക്കുടി നഗരസഭ, പരിയാരം, കോടശ്ശേരി, ആളൂർ, മാള, അന്നമനട, മറ്റത്തൂർ, വേളൂക്കര, മുരിയാട്, പുത്തൻചിറ പഞ്ചായത്തുകളിലും തുമ്പൂർമുഴി കനാൽ വെള്ളം എത്തുന്നുണ്ട്.