bus

ചാലക്കുടി : വിനോദ സഞ്ചാരത്തിന് മാത്രമായി ചാലക്കുടി കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് ഒരു ബസ് ലഭിച്ചു. ആധുനിക രീതിയിൽ നവീകരിച്ച ബസാണ് ഗതാഗത വകുപ്പ് മന്ത്രി പുതുതായി ചാലക്കുടിക്ക് നൽകിയത്. സംസ്ഥാനത്ത് 150 ബസുകൾ നവീകരിച്ച് വിനോദസഞ്ചാരത്തിന് മാത്രമായി നൽകുന്ന പദ്ധതിക്ക് ഗതാഗത വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. ഇതിൽ ആദ്യമായി പുറത്തിറക്കിയ മൂന്നു ബസുകളിൽ ഒന്നാണ് ചാലക്കുടിക്ക് നൽകിയിരിക്കുന്നത്.ഏറ്റവും മികച്ച രീതിയിലും ഉയർന്ന വരുമാനത്തിലും കെ.എസ്.ആർ.ടി.സിയുടെ ടൂറിസം ബഡ്ജറ്റ് ചാലക്കുടിയിൽ പ്രവർത്തിച്ചുവരികയാണ്. ഇതെല്ലാം പരിഗണിച്ചാണ് തീരുമാനം. പുറത്തിറക്കുന്ന ബസുകളിൽ ഇനിയും ചാലക്കുടിക്ക് ലഭിക്കുമെന്നാണ് സൂചന. നാല് ബസുകൾ വിവിധ റൂട്ടുകളിൽ നിന്നും മാറ്റിയാണ് നിലവിൽ ഇവിടെ വിനോദ സഞ്ചാരത്തിന് ഓടുന്നത്. 2021 ഡിസംബറിലാണ് സംസ്ഥാനത്ത് ആദ്യമായി ചാലക്കുടിയിൽ കെ.എസ്.ആർ.ടി.സി വിനോദ സഞ്ചാര ട്രിപ്പുകൾ ആരംഭിച്ചത്.