വടക്കാഞ്ചേരി : ഗുഡ്‌സ് ആൻഡ് സർവീസ് ടാക്‌സ് (ജി.എസ്.ടി) കുരുക്കിൽപ്പെട്ട് മൊട്ടുസൂചി പോലും വാങ്ങാനാകാതെ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയാതെ വിരുപ്പാക്ക തൃശൂർ കോ-ഓപറേറ്റീവ് സ്പിന്നിംഗ് മിൽ. ജി.എസ്.ടി കുടിശികയിനത്തിൽ ഒരു കോടി 70 ലക്ഷം രൂപയാണ് അടയ്ക്കാനുള്ളത്. വർഷങ്ങളായി അടയ്ക്കാത്തതിനാൽ രണ്ട് ശതമാനം ജി.എസ്.ടി എട്ട് ശതമാനമായി ഉയർന്നു. ഹൈക്കോടതിയെ സമീപിച്ചപ്പോൾ കുടിശിക നിലനിറുത്തി പുതിയ ജി.എസ്.ടി എടുക്കാൻ അനുമതി നൽകി. അതിനുള്ള ശ്രമങ്ങൾ മിൽ ആരംഭിച്ചിട്ടുണ്ട്. 17 ലക്ഷം രൂപയാണ് പുതിയ ജി.എസ്.ടിയ്ക്ക് ചെലവ്. കുടിശ്ശികയും കൂടി വരുന്നതോടെ ഒരു കോടി 87 ലക്ഷം രൂപ അടയ്ക്കേണ്ടി വരും.
വൈദ്യുതി ബന്ധം വിച്ഛേദിച്ചു
നിലവിൽ മില്ലിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കയാണ്. വൈദ്യുതി കുടിശിക എഴുതിത്തള്ളി പുനഃസ്ഥാപിക്കാൻ തത്വത്തിൽ ധാരണയായിട്ടുണ്ട്. ഉപയോഗിക്കാത്തതിനാൽ ട്രാൻസ്‌ഫോർമറുകൾ തകരാറിലാണ്. പരിഹരിക്കാൻ കേരള ഇലക്ട്രിക്കൽസ് അലൈഡ് ലിമിറ്റഡിന് (കെൽ) അഞ്ച് ലക്ഷം രൂപയ്ക്ക് കരാർ നൽകിയിട്ടുണ്ട്. അതിന് 1500 ലിറ്റർ ഓയിൽ മിൽ വാങ്ങി നൽകണം. ജി.എസ്.ടി ഇല്ലാത്തതിനാൽ അതും സാദ്ധ്യമാകില്ല.
ജി.എസ്.ടി കുരുക്ക് ഉടൻ അഴിയും. കാലതാമസമില്ലാതെ മിൽ തുറക്കാനാകും.
-ഡോ.കെ.എസ്.കൃപകുമാർ (ചെയർമാൻ)
-എബി തോമസ് (എം.ഡി)