കാടുകുറ്റി: മാള ഉപജില്ല സ്‌കൂൾ കലോത്സവത്തിന് അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കം. വി.ആർ.സുനിൽകുമാർ എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു. കാടുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.അയ്യപ്പൻ അദ്ധ്യക്ഷനായി. അന്നനാട് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും കലാപരിപാടികൾ അരങ്ങേറി. കലാമത്സരങ്ങളുടെ ഉദ്ഘാടനം ചലച്ചിത്ര താരം സിജി പ്രദീപ് നിർവഹിച്ചു. കലോത്സവ ലോഗോ രൂപകല്പന ചെയ്ത മാസ്റ്റർ ആയുഷ് ബാബുവിനെ ഉപഹാരം നൽകി ചടങ്ങിൽ ആദരിച്ചു. മാള പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു, അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വിമൽ കുമാർ, ഐ.ജയ തുടങ്ങിയവർ പ്രസംഗിച്ചു. 9 വേദികളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ മത്സരിക്കുന്നുണ്ട്.