പുന്നംപറമ്പ് : തെക്കുംകര പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങൾ തെരുവ് നായ്ക്കളുടെ പിടിയിൽ. രാപ്പകൽ വ്യത്യാസമില്ലാതെ നിരത്തുകൾ അടക്കിവാഴുകയാണ് നായ്ക്കൾ. സ്‌കൂൾ കുട്ടികളും വഴിയാത്രക്കാരും ഭീതിയോടെ സഞ്ചരിക്കേണ്ട സ്ഥിതി. രാത്രികാലങ്ങളിൽ നിരത്തുകളിലാണ് വിശ്രമം. ഇരുചക്ര വാഹന യാത്രികരെ വളയുന്നതും ആക്രമിക്കുന്നതും നിത്യ സംഭവമാണ്. വീണ് പരിക്കേറ്റവർ നിരവധി. നിയന്ത്രണത്തിന് ഒരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. പെറ്റുപെരുകുന്ന നായക്കൂട്ടം തെക്കുംകര പഞ്ചായത്ത് ഓഫീസ് കെട്ടിടം തങ്ങളുടെ വാസ കേന്ദ്രമാക്കി മാറ്റിസക്കഴിഞ്ഞു.
വാഹനത്തെ പിന്തുടർന്ന് ആക്രമിച്ചു
ദേശീയ ഭിന്നശേഷി ഫുട്ബാൾതാരം വീരോലിപ്പാടം സ്വദേശി എം.ആർ.വിനീഷിനെ (കുട്ടാപ്പു) നായ കടിച്ചു. ഇരുചക്ര വാഹനത്തിൽ യുവതിയോടൊപ്പം ജോലിക്ക് പോവുകയായിരുന്ന മണലിത്തറ ആച്ചത്ത് സേതുമാധവന്റെ ഭാര്യ രജനി (45) യെ നായ വാഹനത്തെ പിന്തുടർന്ന് ആക്രമിച്ചു. വാഹനം മറിഞ്ഞും രജനിക്ക് പരിക്കേറ്റു. മറ്റ് രണ്ട് പേർക്കും കടിയേറ്റു. വിനീഷിന് തൃശൂർ ഗവ. മെഡിക്കൽ കോളേജിലും മറ്റുള്ളവരെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ നൽകി. വിഷയത്തിൽ ഇടപെടണമെന്ന ആവശ്യവുമായി ജില്ലാ കളക്ടർ, തെക്കുംകര പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയതായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനീഷ് കണ്ടംമാട്ടിൽ അറിയിച്ചു.