arjun

വടക്കാഞ്ചേരി : സൈക്കിൾ സവാരി നടത്തി കളക്ടർ, ഒപ്പം ചേർന്ന് കുട്ടിപ്പടയും. മച്ചാട് ഗവ.സ്‌കൂളിലെ കുട്ടിക്കൂട്ടത്തിനൊപ്പമാണ് ജില്ലാ കളക്ടർ അർജൂൻ പാണ്ഡ്യൻ നാട്ടുകാർക്ക് കൗതുകമായി മാറിയത്. എതാനും മാസങ്ങൾക്ക് മുമ്പ് സ്‌കൂളിലെ വിദ്യാർത്ഥികൾ മീറ്റ് ദ കളക്ടർ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സൈക്കിൾ വാഗ്ദാനം ചെയ്തത്. ഇന്നലെ സ്‌കൂളിലെ സൈക്കിൾ വിതരണത്തിനെത്തിയ കളക്ടർ അവർക്കൊപ്പം പുന്നംപറമ്പ് സെന്ററിൽ 500 മീറ്ററോളം സൈക്കിൾ സവാരി നടത്തിയാണ് ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചത്. പത്ത് സൈക്കിളുകളാണ് ജില്ലാ ഭരണകൂടം നൽകിയത്. അടുത്ത് തന്നെ സ്‌പോട്‌സ് ഉപകരണങ്ങൾ നൽകാമെന്ന് വാഗ്ദാനവും നൽകി. കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സംസ്ഥാനതല വിജയികളായ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും കളക്ടർ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി അദ്ധ്യക്ഷയായി. രാമചന്ദ്രൻ, വി.സി.സജീന്ദ്രൻ, അഡ്വ.ടി.എ.നജീബ്, ടി.രാധ, ഷീജ കുനിയിൽ, കെ.കെ.ഷീന, കെ.എൻ.ഉണ്ണിക്കൃഷ്ണൻ, ബിപിൻ ജോസഫ്, എ.എസ്.മിഥുൻ എന്നിവർ സംസാരിച്ചു.