d

 തമിഴ്‌നാട് പൊലീസിനെതിരെ കേസെടുത്ത് കേരള പൊലീസ്

തൃശൂർ: മോഷ്ടാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ തമിഴ്‌നാട് പൊലീസിനെതിരെ കേസെടുത്ത് കേരള പൊലീസ്. തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്ത കേസിൽ വിരുനഗറിലെ കോടതിയിൽ ഹാജരാക്കി വിയ്യൂരിലേക്ക് കഴിഞ്ഞ ദിവസം രാത്രി 9.40ന് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. ജയിലിന്റെ മുന്നിൽ വെള്ളം വാങ്ങാൻ നിറുത്തിയപ്പോൾ തമിഴ്‌നാട് ബന്ദൽകുടി എസ്.ഐ നാഗരാജന്റെയും മറ്റു രണ്ടു പൊലീസുകാരുടെയും കണ്ണുവെട്ടിച്ച് ഇയാൾ കാറിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പ്രതിയെ സ്വകാര്യ കാറിൽ കൈവിലങ്ങ് അണിയിക്കാതെയാണ് എത്തിച്ചത്. രക്ഷപ്പെട്ട് ഒരുമണിക്കൂർ കഴിഞ്ഞാണ് തമിഴ്‌നാട് പൊലീസ് വിയ്യൂർ പൊലീസിൽ വിവരം അറിയിച്ചത്. ആദ്യം സമീപത്തെ ലോഡ്ജുകളിലും മറ്റും തമിഴ്‌നാട് പൊലീസ് പരിശോധന നടത്തിയിരുന്നു. കവർച്ച, കൊലപാതകശ്രമം ഉൾപ്പെടെ 53കേസുകളിലെ പ്രതിയാണ് തമിഴ്‌നാട് കടയം സ്വദേശിയായ ബാലമുരുകൻ (44). നേരത്തെയും തമിഴ്‌നാട് പൊലീസ് വാഹനത്തിൽ നിന്ന് സമാനമായ രീതിയിൽ രക്ഷപ്പെട്ടിട്ടുണ്ട്. മോഷ്ടിച്ച ബൈക്കിലാണ് അന്ന് രക്ഷപ്പെട്ടത്. തമിഴ്‌നാട്ടിലെ കവർച്ചാകേസിൽ 2021ൽ മറയൂരിൽ നിന്നാണ് കേരള പൊലീസ് ബാലമുരുകനെ പിടിച്ചു നൽകിയത്. പുറത്തിറങ്ങിയശേഷം മറയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണങ്ങൾ നടത്തിയാണ് ഇയാൾ പ്രതികാരം ചെയ്തത്. കേരള പൊലീസ് പിടികൂടിയതിനെ തുടർന്ന് ഇയാൾ വിയ്യൂർ ജയിലിലായിരുന്നു. ഇതിനിടെയാണ് തമിഴ്‌നാട്ടിലെ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോയത്. പ്രതി ബൈക്കുമായി കടന്നുകളയാൻ സാദ്ധ്യതയുള്ളതിനാൽ ബൈക്ക് മോഷണമുണ്ടായാൽ ഉടൻ പൊലീസിനെ അറിയിക്കണം. നിറുത്തിയിട്ട ബൈക്കിൽ താക്കോൽ വച്ച് പോകരുതെന്നും നിർദ്ദേശമുണ്ട്. കറുത്ത ഷർട്ടും വെള്ളമുണ്ടുമാണ് വേഷം. വിവരം ലഭിക്കുന്നവർ ഫോൺ നമ്പർ: 9497947202 (വിയ്യൂർ എസ്.എച്ച്.ഒ)ൽ അറിയിക്കണം.