ഭരണസമിതിക്കെതിരായ കുറ്റപത്രമെന്ന് പ്രതിപക്ഷം

തൃശൂർ: നഗരസഭാ കൗൺസിൽ യോഗത്തിൽ ഓഡിറ്റ് റിപ്പോർട്ടിനെ ചൊല്ലി ഭരണ-പ്രതിപക്ഷ വാക്പോര്.
റിപ്പോർട്ട് ഭരണസമിതിക്കെതിരെയുള്ള കുറ്റപത്രമാണെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോൾ പരിഹരിച്ച് മുമ്പോട്ടു പോകുമെന്ന് ഭരണസമിതിയംഗങ്ങളും തിരിച്ചടിച്ചു. കോടികളുടെ ക്രമക്കേടുകളാണ് നടത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ പറഞ്ഞു. നടപ്പാക്കാത്ത പദ്ധതികൾക്ക് കോടികളാണ് നഷ്ടം. കെ.എസ്.ഇ.ബി ഉപേക്ഷിച്ച പദ്ധതികൾ ഏറ്റെടുത്തത് 40 ലക്ഷം രൂപയ്ക്കാണ്. അഞ്ചു കോടി ചെലവിൽ നഗരത്തിൽ സി.സി.ടി.വി സ്ഥാപിക്കാനുള്ള പദ്ധതിക്കായി പിരിച്ചെടുത്ത തുക കാണാനില്ല. രണ്ട് ലക്ഷം രൂപ മാത്രമാണ് കാണിച്ചിരിക്കുന്നത്. ബയോബിൻ വാങ്ങിയതിൽ നാല് ലക്ഷം രൂപ അധികം കമ്പനിക്ക് നൽകിയതും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. ഇത് ഏത് ഏജൻസിക്കാണ് നൽകിയതെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കോർപറേഷൻ റോഡുകളിലെ കുഴികളിൽ വീണ് മരണപ്പെട്ട രണ്ട് ചെറുപ്പക്കാർക്കും ഒരു വീട്ടമ്മയ്ക്കും കുടുംബത്തിനും സാമ്പത്തിക സഹായം നൽകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ പൊൻതൂവലായി മാറിയെന്ന് ഡെപ്യൂട്ടി മേയർ എം.എൽ. റോസി പറഞ്ഞു. ഭരണകക്ഷിയിലെ സതീഷ് ചന്ദ്രൻ, രാജശ്രീ ഗോപൻ, എ.അനീസ് എന്നിവർ ഡെപ്യൂട്ടി മേയറുടെ വാദത്തിന് പിന്തുണ നൽകി. കേന്ദ്രം നൽകുന്ന ഫണ്ട് വേണ്ടവിധം ഉപയോഗിക്കാതെ നഷ്ടപ്പെടുത്തുകയാണ് കോർപറേഷനെന്ന് ബി.ജെ.പിയിലെ വിനോദ് പൊള്ളാഞ്ചേരി, പൂർണിമ സുരേഷ്, എൻ. പ്രസാദ് എന്നിവർ പറഞ്ഞു.


ബയോ മൈനിംഗിന് കോടികൾ

ലാലൂരിലെ ബയോമൈനിംഗിന്റെ പേരിൽ അഞ്ചര കോടിയാണ് നൽകിയതെന്നും എന്നാൽ അവിടെ മൈനിംഗ് നടന്നിട്ടില്ലെന്നും ജോൺ ഡാനിയേലും ലാലി ജെയിംസും പറഞ്ഞു. റോഡ് അടിച്ചുവാരുന്നതിനായി 75 ലക്ഷം രൂപയ്ക്ക് വാങ്ങിയ വാഹനം അനങ്ങാതെ കിടക്കുകയാണ്. ഇതിനെതിരെയും ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമുണ്ട്. അഗതി മന്ദിരങ്ങളെയും ഭിന്നശേഷി സ്‌കൂളുകളെയും കോർപറേഷൻ അവഗണിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു. മുകേഷ് കൂളപറമ്പിൽ, ജയപ്രകാശ് പൂവ്വത്തിങ്കൽ, സിന്ധു ആന്റോ ചാക്കോള, ഇ.വി.സുനിൽരാജ്, കെ.രാമനാഥൻ, ലീല വർഗീസ്, രെന്യ ബൈജു, സുനിത വിനു, മേഴ്‌സി അജി എന്നിവർ സംസാരിച്ചു.