കൊടുങ്ങല്ലൂർ: പങ്കാളിത്ത പെൻഷൻ പിൻവലിക്കുക സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക എന്ന മുദ്രാവാക്യം ഉയർത്തി സമരരംഗത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് എൻ.പി.എസ് എംപ്ലോയീസ് കളക്ടീവ് കേരള കൊടുങ്ങല്ലൂർ സിവിൽ സ്റ്റേഷന് മുമ്പിൽ പെൻഷൻ യാചനാസമരം നടത്തി. കവിയും സാഹിത്യകാരനുമായ ബക്കർ മേത്തല ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലാ സെക്രട്ടറി സജി ജോസഫ് അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ പി.കെ.ഷിനോദ് മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ഇ.ബി വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ബെന്നി ബോണിഫെക്‌സ്, യുട്യൂബറും സാമൂഹ്യ പ്രവർത്തകനുമായ നന്ദഗോപൻ വെള്ളത്താടി, എറണാകുളം ജില്ലാ പ്രസിഡന്റ് ആന്റണി എന്നിവർ സംസാരിച്ചു. കൊടുങ്ങലൂർ താലൂക്ക് സെക്രട്ടറി കെ.വി.രാജീവൻ സ്വാഗതവും ശാന്തി ടീച്ചർ നന്ദിയും പറഞ്ഞു.