മാള: സംസ്ഥാന സ്‌കൂൾ കായികമേളയിൽ മികവ് തെളിയിച്ച കൗമാര കായികതാരങ്ങൾക്ക് പൂപ്പത്തി ഗ്രാമം അഭിമാനാദരവ് അർപ്പിക്കുന്നു. സോയൂസ് സ്റ്റാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൗരാവലി അനുമോദന പരിപാടിയിൽ വിജയികൾക്ക് കാഷ് അവാർഡും സമ്മാനങ്ങളും നൽകും. ഹൈജംപിൽ സ്വർണം നേടി 200 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡൽ നേടിയ ഇ.ജെ.സോണിയ, ടെന്നീസിൽ സ്വർണം നേടിയ വൈഗ ശിവകുമാർ, ബാഡ്മിന്റണിൽ വെള്ളി മെഡൽ നേടിയ അലോണ അനക്‌സ്, സംസ്ഥാന ഹാൻഡ്ബാൾ ടീമിലേക്ക് തിരഞ്ഞെടുത്ത സായ് ശിവന്യ, സംസ്ഥാന റോളർ സ്‌കേറ്റിംഗ് ഹോക്കിയിൽ സ്വർണം നേടിയ ജൂഡ് ആന്റണി എന്നിവർക്ക് ആദരമൊരുക്കും. ഇവരുടെ പരിശീലകരെയും ആദരിക്കും. പൂപ്പത്തി എസ്.എൻ.ഡി.പി ശാഖാ ഹാളിൽ 8 ന് വൈകീട്ട് 5ന് നടക്കുന്ന ചടങ്ങിൽ വി.ആർ.സുനിൽ കുമാർ എം.എൽ.എ, ഇന്ത്യൻ വോളിബാൾ ടീം ക്യാപ്ടൻ മൊയ്തീൻ നൈന, ഇന്ത്യൻ റെയിൽവേ ചെസ് ടീം പരിശീലകൻ ടി.ജെ.സുരേഷ്‌കുമാർ എന്നിവർ പങ്കെടുക്കും.