അരിമ്പൂർ: കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ അനിയന്ത്രിതമായ മഴയും വെള്ളപ്പൊക്കവും മൂലം ഒരു മാസത്തോളം വൈകിയിറക്കിയ അരിമ്പൂരിലെ വാരിയം കോൾപടവിലെ 117 ഏക്കറിലെ കൃഷിയിൽ ഇക്കുറി കർഷകർ നൂറുമേനി പ്രതീക്ഷയിൽ. സെപ്തംബർ ഒന്നിന് കൃഷി ഇറക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനിടയിലാണ് കാലം തെറ്റി കനത്ത മഴ പെയ്തത്.
മാറി മാറി വന്ന ന്യൂനമർദ്ദ പെയ്ത്തിൽ കർഷകരുടെ കൃഷിയിറക്കൽ കലണ്ടർ തകിടം മറിഞ്ഞു. മഴ പെയ്ത് പുറം കനാലിൽ വെള്ളം നിറഞ്ഞതോടെ മനക്കൊടി പുള്ള് പി.ഡബ്ല്യു.ഡി റോഡ് കവിഞ്ഞ് അനിയന്ത്രിതമായ രീതിയിൽ വാരിയം കോൾപടവിലേക്ക് മഴ വെള്ളം തള്ളി വന്നു. സമയത്തിന് കൃഷിയിറക്കാമെന്ന കർഷകരുടെ കണക്കും തെറ്റി.
എന്നാൽ തോറ്റ് കൊടുക്കാൻ തയ്യാറല്ലാത്ത കർഷകർ സംഘടിച്ച് പുറംകനാലിൽ നിന്ന് നിറഞ്ഞുകവിഞ്ഞു ഒഴുകിയെത്തിയ വെള്ളത്തെ 100 കണക്കിന് ചാക്കുകളിൽ മണ്ണ് നിറച്ച് അട്ടിയിട്ട് താത്കാലിക പ്രതിരോധ ഭിത്തി നിർമ്മിച്ചാണ് തടഞ്ഞത്. വളർച്ചയെത്തിയ ഞാറുകൾ പറിച്ച് നടുകയാണിപ്പോൾ. പശ്ചിമ ബംഗാളിലെ കർഷക തൊഴിലാളികളാണ് പാടത്തുള്ളത്. അവരുടെ നാട്ടിലെ ഞാറ്റുപാട്ടുകൾ ഈണത്തിൽ പാടി അതിവേഗത്തിൽ തൊഴിലെടുക്കുകയാണവർ. വീണ്ടും ന്യൂനമർദ്ദം വരികയും കനത്ത മഴ പെയ്ത്ത് തുടരുകയും ചെയ്താൽ നിലവിൽ എടുത്ത എല്ലാ പണികളും വെള്ളത്തിലാകുമെന്ന ഭീതിയിലാണ് ഓരോ കർഷകരും.
മനക്കൊടി പുള്ള് റോഡിലെ നിർദ്ദിഷ്ട ദൂരം ഉയർത്തുക മാത്രമാണ് ഏക പരിഹാരം. ആ പ്രവൃത്തിക്ക് വരുന്ന കാലതാമസം കഴിഞ്ഞ കാലങ്ങളിലേത് പോലെയുള്ള കൃഷി നാശത്തിന് കാരണമാകും
കെ.കെ.അശോകൻ
കെ.രാഗേഷ്