1
1

കയ്പമംഗലം: മതിലകം പഞ്ചായത്തിൽ പൊതുകളിസ്ഥലം യാഥാർത്ഥ്യമാകുന്നു. ഒരു ഏക്കർ അഞ്ച് സെന്റ് സ്ഥലമാണ് പഞ്ചായത്തിലെ ആറാം വാർഡിൽ ഇതിനായി കണ്ടെത്തിയത്. പഞ്ചായത്ത് തനത് ഫണ്ടും ജനകീയമായി സമാഹരിച്ച തുകയും ഉപയോഗിച്ചാണ് കളിസ്ഥലം ഏറ്റെടുക്കുന്നത്.

കഴിഞ്ഞ ഭരണസമിതി ജനകീയ സംഘാടക സമിതി രൂപീകരിച്ച് ജനങ്ങളിൽ നിന്ന് സംഭാവനയായി സ്വീകരിച്ച തുകയും ഇതിൽ ഉൾപ്പെടുത്തിയാണ് കളിസ്ഥലം യാഥാർത്ഥ്യമാക്കിയത്. മതിലകം പാപ്പിനിവട്ടം ജി.എൽ.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ ഭൂമിയുടമയിൽ നിന്ന് കളിസ്ഥലത്തിന്റെ കരാർ ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ ഏറ്റുവാങ്ങി. തുടർപ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക വകയിരുത്താമെന്ന് കരാറേറ്റെടുക്കുന്ന വേദിയിൽ എം.എൽ.എ ഉറപ്പ് നൽകി.

പാപ്പിനിവട്ടം ജി.എൽ.പി സ്‌കൂളിന് വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി ബഡ്ജറ്റിൽ അനുവദിച്ച ഒരു കോടി വിനിയോഗിച്ചുള്ള കെട്ടിടത്തിൽ നിർമ്മാണോദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരിജ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്.രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.കെ.പ്രേമാനന്ദൻ, സുമതി സുന്ദരൻ, പ്രിയ ഹരിലാൽ, ഷീജ ബാബു, പഞ്ചായത്തംഗങ്ങളായ സംസാബി സലീം, രജനി ബേബി, ഒ.എ.ജെൻട്രിൻ, ഹിത രതീഷ്, മാലതി സുബ്രഹ്മണ്യൻ, ജെസ്‌ന ഷെമീർ, വി.എസ്.രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.