മാള: വൈന്തോട് പുനരുദ്ധരിക്കുന്നതിന് തുടക്കമായി. 2018ലെ പ്രളയത്തിനുശേഷം തോടിന്റെ വശം ഇടിഞ്ഞതിനാലും മണ്ണും മാലിന്യവും അടിഞ്ഞുകൂടിയതിനാലും വൈന്തോട്ടിലെ ഒഴുക്ക് ഗണ്യമായി കുറഞ്ഞിരുന്നു. ഇതിന്റെ ഫലമായി കോട്ടേപ്പാടം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മഴക്കാലങ്ങളിൽ വീടുകളിൽ വരെ വെള്ളം കയറുകയും നെൽക്കർഷകർ ഉൾപ്പെടെയുള്ളവർക്ക് കൃഷിനാശം സംഭവിക്കുകയും ചെയ്തിരുന്നു.
പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് അംഗം ജോർജ് ഊക്കൻ നിർവഹിച്ചു. യോഗത്തിൽ ഒൻപതാം വാർഡ് അംഗം ജിയോ ജോർജ് കൊടിയൻ അദ്ധ്യക്ഷനായി. വൈന്തോട് ശുദ്ധീകരണം പൂർത്തിയായാൽ പ്രദേശത്തെ ഏക്കർ കണക്കിന് നെൽകൃഷിക്ക് ഏറെ സഹായകമാണ്. കുളയട്ടയുടെ ശല്യവും ഗണ്യമായി കുറയുമെന്ന് നാട്ടുകാർ പ്രതീക്ഷിക്കുന്നു.
ബ്ലോക്ക് അംഗം ജോർജ് ഊക്കനാണ് പദ്ധതിക്കായി 15 ലക്ഷം രൂപ വകയിരുത്തിയത്.