കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി, ശൃംഗപുരം പി.ഭാസ്‌കരൻ മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ തുടങ്ങി നഗരസഭയുടെ വിവിധ സ്ഥാപനങ്ങളിൽ സ്ഥാപിച്ച സോളാർ പ്ലാന്റുകൾ പ്രവർത്തനം തുടങ്ങി.
1.3 കോടി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തിയാക്കിയത്. സോളാർപാനലുകൾ സ്ഥാപിച്ചതോടെ ഇവിടങ്ങളിൽ വൈദ്യുതി ചാർജിനത്തിൽ ചെലവ് വളരെ കുറയും. താലൂക്ക് ആശുപത്രിയിൽ മാത്രം ശരാശരി 3.5 ലക്ഷമാണ് പ്രതിമാസം വൈദ്യുതി ചാർജ്.
ഇതോടൊപ്പം ശൃംഗപുരം വെറ്ററിനറി പോളിക്ലിനിക്, ടി.കെ.എസ് പുരം മാലിന്യ സംസ്‌കരണ പ്ലാന്റ് എന്നിവിടങ്ങളിലും വൈദ്യുതി പൂർണമായും സൗരോർജത്തിലൂടെ ഉൽപാദിപ്പിക്കും. മറ്റ് സ്ഥാപനങ്ങളിലെ വൈദ്യുതി ഉപയോഗത്തിനായി വേറെയും പണം ചെലവഴിക്കുന്നുണ്ട്.
പാലക്കാട് ഇന്റഗ്രേറ്റഡ് റൂറൽ ടെക്‌നോളജി സെന്ററിനാണ് ടെൻഡർ നൽകിയത്. ശ്യംഗപുരം പി.ഭാസ്‌കരൻ മെമ്മോറിയൽ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ ടി.കെ.ഗീത ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എസ്.കൈസാബ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ലത ഉണ്ണികൃഷ്ണൻ, എൽസിപോൾ, കൗൺസിലർമാരായ കെ.ആർ.ജൈത്രൻ, പി.എൻ.വിനയചന്ദ്രൻ, ഇ.ജെ.ഹിമേഷ് , പി.ടി.എ പ്രസിഡന്റ് ഇക്ബാൽ, ഉണ്ണി പണിക്കശ്ശേരി, പ്രിൻസിപ്പൽ രാജശ്രീ എന്നിവർ പ്രസംഗിച്ചു.
ആശുപത്രിയിൽ മാസം ലാഭം 3.5 ലക്ഷം
സോളാർ പദ്ധതി നടപ്പിലാകുന്നതോടെ താലൂക്ക് ആശുപത്രിയിലെ ലൈറ്റുകൾ, ഫാനുകൾ, കമ്പ്യൂട്ടറുകൾ, ഓപ്പറേഷൻ തിയേറ്ററിലെ ഉപകരണങ്ങൾ, ജനറേറ്റർ, ഫിസിയോ തെറാപ്പി, എക്‌സ് റേ, ഇ.സി.ജി, സി.ടി. സ്‌കാൻ തുടങ്ങിവയെല്ലാം സൗരോർജ വൈദ്യുതി ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക.
സോളാറിൽ മിന്നാൻ
പദ്ധതിച്ചെലവ് 1.3 കോടി
നിർമ്മിച്ചത് പാലക്കാട് ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ