അന്നമനട: ഭിന്നശേഷിക്കാർക്കായി വ്യക്തിഗത മൈക്രോ പ്ലാൻ തയ്യാറാക്കി അന്നമനട പഞ്ചായത്ത് ഭിന്നശേഷി സൗഹാർദ്ദ പഞ്ചായത്തായി മാറുന്നു. 370 ഭിന്നശേഷിക്കാരുടെ സാമൂഹിക, സാമ്പത്തിക, ആരോഗ്യ അവസ്ഥ വിലയിരുത്തിയാണ് പദ്ധതി രൂപപ്പെടുത്തിയത്. ഓട്ടിസം സെന്റർ, ഇൻഡോർ ജിം, സെൻസറി റൂം, സ്‌കോളർഷിപ്പ്, സഹായോപകരണങ്ങൾ, ഓഫീസ് സൗഹാർദ്ദമാക്കൽ തുടങ്ങി നിരവധി പദ്ധതികൾ പഞ്ചായത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
തയ്യാറാക്കിയ വ്യക്തിഗത മൈക്രോ പ്ലാൻ നിപ്‌മെർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ചന്ദ്രബാബുവും പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദും ചേർന്ന് പ്രകാശനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജു സതീശൻ, ഷീജ നസിർ, ടി.വി.സുരേഷ്‌കുമാർ, കെ.എ.ബൈജു, മരിയ പ്ലാക്കൽ, ലയ അരവിന്ദൻ, മീര സുനിൽ എന്നിവർ പങ്കെടുത്തു.