mla

ചാലക്കുടി: നഗരസഭയിൽ പ്രതിപക്ഷത്തായിരുന്ന വി.ജെ.ജോജി, ടി.ഡി.എലിസബത്ത് എന്നിവർ വിവിധ പാർട്ടികളിൽ ചേർന്നു. ഗായത്രി ആശ്രമം വാർഡിൽ നിന്ന് സ്വതന്ത്രനായി ജയിച്ച ജോജി കേരള കോൺഗ്രസിൽ ചേരും. കൗൺസിലർ സ്ഥാനം രാജിവച്ച ജോജി ഇത്തവണ ഹൗസിംഗ് ബോർഡ് കോളനി വാർഡിൽ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അറിയിച്ചു. ചാലക്കുടി ഹൗസിംഗ് ബോർഡ് വാർഡിൽ സ്വതന്ത്രയായി വിജയിച്ച എലിസബത്ത്, ആറ് മാസമായി കേരള കോൺഗ്രസ്(എം)മായി സഹകരിച്ച് പ്രവർത്തിക്കുകയായിരുന്നു. ഇനി അവർ കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കും. സനീഷ്കുമാർ ജോസഫ് എം.എൽ.എയുടെ ഓഫീസിൽ ചേർന്ന വാർത്താ സമ്മേളനത്തിലാണ് ടി.ഡി.എലിസബത്ത് നിലപാട് അറിയിച്ചത്. എം.എൽ.എയ്ക്ക് പുറമെ, നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, ചാലക്കുടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.ഒ.പൈലപ്പൻ എന്നിവർ എലിസബത്തിനെ ഷാൾ അണിയിച്ചു.