പുതുക്കാട് : കുറുമാലി പുഴയിലെ നെല്ലായി ലിഫ്റ്റ് ഇറിഗേഷൻ കടവ് പാലം നിർമ്മാണത്തിന് 7.37 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.കെ.രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു. നേരെത്തെ പാലം നിർമ്മാണത്തിന് അഞ്ച് കോടി രൂപയുടെ അനുമതിയായിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് ഉൾപ്പെടെയുള്ള തുകയാണ് ഭരണാനുമതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. തോണി അപകടം ഉൾപ്പെടെ നടന്ന നെല്ലായിക്കടവിൽ ഒരു പാലം എന്നുള്ളത് നാട്ടുകാരുടെ ദീർഘനാളത്തെ സ്വപ്നമായിരുന്നു. ഇതുവഴി പുതുക്കാട് പഞ്ചായത്തിലെ വാർഡ് 12, 13 പ്രദേശത്തെ ജനങ്ങൾക്ക് ചുരുങ്ങിയ സമയം കൊണ്ട് ദേശീയപാതയിൽ എത്താൻ സാധിക്കും.
ദുരന്തക്കടവ് കണ്ണീരോർമ്മ
ഇറിഗേഷൻകടവിൽ പാലം വേണമെന്നത് അരനൂറ്റാണ്ടിലേറെ കാലമായുള്ള ജനങ്ങളുടെ ആവശ്യമാണ്. കടവിൽ വഞ്ചി മറിഞ്ഞ് കുട്ടിയുൾപ്പെടെ മൂന്നാളുകൾ മരിച്ചത് 35 വർഷം മുമ്പാണ്. പാലത്തിനായുള്ള ജനകീയ കമ്മിറ്റിയുടെ മുന്നണിപ്പോരാളികളായിരുന്ന മഞ്ഞളി കുഞ്ഞുവറീതും ചിറ്റിയത്ത് ജനാർദ്ദനും വ്യത്യസ്ത വാഹനാപകടങ്ങളിൽ മരിച്ചതും നാട്ടുകാർക്ക് കണ്ണീരോർമ്മയാണ്. പാലം വന്ന് പാലത്തിലൂടെ നടന്നിട്ടേ മരിക്കു എന്ന് പറയാറുള്ള കുഞ്ഞുവറീത് ദേശിയ പാത മുറിച്ച് കടക്കുമ്പോൾ ടെമ്പോ ഇടിച്ചാണ് മരിച്ചത്. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിന് കളക്ടറേറ്റിൽ പോയി മടങ്ങി വരവെയാണ് ജനാർദനൻ വാഹാനാപകടത്തിൽ മരിക്കുന്നത്. കടവിൽ പതിറ്റാണ്ടുകളായി ആളുകളെ പുഴ കടത്തിയിരുന്ന വഞ്ചിക്കാരൻ മാണിക്യന്റെ മരണവും കടവിൽ വഞ്ചി മറിഞ്ഞായിരുന്നു.