ചാലക്കുടി: നന്മ ലഹരി പദ്ധതിയുടെ ഭാഗമായി എം.എൽ.ജേക്കബ് സ്മാരക ഇൻഡോർ സ്റ്റേഡിയത്തിൽ കുട്ടികളെ പരിശീലിപ്പിക്കുന്നതിന് ബാസ്‌കറ്റ്ബാൾ അക്കാഡമി തുടങ്ങാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു. കായികതത്പരരായ 12 വയസിന് താഴെയുള്ള കുട്ടികളെ കണ്ടെത്തി പരിശീലിപ്പിക്കുകയാണ് അക്കാഡമിയുടെ ലക്ഷ്യം.
ഗതാഗതത്തിനും റോഡ് വികസനത്തിനും തടസമായി നിൽക്കുന്ന കൂടപ്പുഴ പന്ത്രണ്ടാം വാർഡ്, പോട്ട ആശാരിപ്പാറ
ഒന്നാം വാർഡ് എന്നിവിടങ്ങളിലെ ട്രാൻസ്‌ഫോർമറുകൾ മാറ്റി സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബിക്ക് തുക അടയ്ക്കാൻ കൗൺസിൽ തീരുമാനിച്ചു. ട്രാൻസ്‌ഫോർമറുകൾ മാറ്റി സ്ഥാപിക്കുന്നതിന് 12 ലക്ഷം രൂപയാണ് നൽകുക. ആശാരിപ്പാറയിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള റോഡ് നിർമ്മാണവും കൂടപ്പുഴ ജംഗ്ഷനിലെ ഗതാഗതം സുഗമമാക്കുന്നതിനും വേണ്ടിയാണ് ട്രാൻസ്‌ഫോർമറുകൾ മാറ്റി സ്ഥാപിക്കുന്നത്. ചെയർപേഴ്‌സൻ ഷിബു വാലപ്പൻ അദ്ധ്യക്ഷനായി.
ബിയോണ്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ അക്കാഡമി
അന്തർദേശീയ ബാസ്‌ക്കറ്റ്ബാൾ താരങ്ങളായ യൂഡ്രിക് പെരേര, സ്റ്റെഫി നിക്‌സൻ എന്നിവരുടെ നേതൃത്വത്തിൽ ബിയോണ്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് അക്കാഡമിക്ക് തുടക്കം കുറിക്കുക. രാവിലെയും വൈകിട്ടും നഗരസഭയിലെ അർഹരായ കുട്ടികൾക്ക് സൗജന്യമായി പരിശീലനം നൽകും. മറ്റുള്ളവർക്ക് നിശ്ചിത ഫീസ് ഏർപ്പെടുത്തും.