
തൃശൂർ: മെഡിക്കൽ കോളേജിലെ എച്ച്.ഡി.എസ്, ആർ.എസ്.ബി.വൈ തൊഴിലാളികളെയും മറ്റു താത്കാലിക തൊഴിലാളികളെയും ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് സുന്ദരൻ കുന്നത്തുള്ളി. മെഡിക്കൽ കോളേജ് അധികാരികൾ ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്തുന്നതിന് എതിരായി കോടതി വ്യവഹാരം നടത്തിക്കൊണ്ടിരിക്കുകയാണ്. തൊഴിലാളി വിരുദ്ധ നടപടികളാണ് മെഡിക്കൽ കോളേജ് അധികാരികൾ വർഷങ്ങളായി തുറന്നുവരുന്നത്. ഐ.എൻ.ടി.യു.സി വടക്കാഞ്ചേരി നിയോജകമണ്ഡലം നേതൃസംഗമം ജില്ലാ കമ്മിറ്റി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് സി കെ.ഹരിദാസ് അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി എ.ടി.ജോസ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.എൻ.നാരായണൻ, എം.ആർ.രവീന്ദ്രൻ, ഐ.ആർ.മണികണ്ഠൻ, പി.തരാബായ്, എൻ.എൽ.ആന്റിണി തുടങ്ങിയവർ സംസാരിച്ചു.