ചേർപ്പ്: ക്ഷീരസാഗരത്തിൽ അനന്തന് മീതെ ശയിക്കുന്ന മഹാവിഷ്ണവും അരികിൽ ഭൂമീദേവിയും ലക്ഷ്മി ദേവിയും വിരാജിക്കുന്ന കുമിഴ് മരത്തിൽ തീർത്ത കൂറ്റൻ ദാരുശിൽപ്പം ശ്രദ്ധേയമാകുന്നു. യുവ ദാരുശിൽപ്പി ചേർപ്പ് കിഴക്കൂട്ട് സതീഷ് കുമാറാണ് ശിൽപ്പം പണിതീർത്തത്. 8.25 അടി നീളവും 5.5 അടി വീതിയുമുള്ള ശിൽപ്പം എട്ടു മാസമെടുത്താണ് പൂർത്തീകരിച്ചത്. ഭഗവാന്റെ 10 അവതാരങ്ങളും ശിൽപ്പത്തിന്റെ ഭാഗമാണ്.
മികച്ച ശിൽപ്പത്തിനുള്ള ഹാൻഡി ക്രാഫ്റ്റ് നാഷണൽ അവാർഡിന് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് ഈ ശിൽപമാണെന്ന് സതീഷ് കുമാർ പറഞ്ഞു. കഴിഞ്ഞ വർഷത്തെ സംസ്ഥാന ലളിതകലാ അക്കാഡമിയുടെ അവാർഡിനുള്ള മത്സരത്തിലും സതീഷ് കുമാറിന്റെ ഇൻസൈസ് ഔട്ട്‌സൈസ് ശിൽപ്പം അവസാനഘട്ടം വരെ ഉണ്ടായിരുന്നു.
നടൻ മോഹൻലാലിന് വേണ്ടി പ്രണയസൗഗന്ധികം ഉൾപ്പെടെ നിരവധി ശിൽപ്പങ്ങൾ നിർമ്മിച്ച് ശ്രദ്ധേയനായ സതീഷ് കുമാർ ശിൽപ്പിയായ കിഴക്കൂട്ട് രാമചന്ദ്രന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകനാണ്. ഭാര്യ പ്രിയ. മക്കൾ വിസ്മയ, ഭരത് ചന്ദ്രൻ. മാപ്രാണത്ത് വിസ്മയം വുഡൻ സ്റ്റോറീസ് എന്ന പേരിൽ ദാരുശിൽപ്പ നിർമ്മാണ ഗ്യാലറിയും സതീഷ് കുമാർ നടത്തുന്നുണ്ട്.